ബെംഗളൂരു: ബെലഗാവി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിമര്‍ശിച്ചും നിലപാട് വ്യക്തമാക്കിയും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മഹാരാഷ്ട്രയ്ക്ക് ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഉദ്ധവ് താക്കറെ വിഷയം കുത്തിപ്പൊക്കുന്നതെന്നും യെദിയൂരപ്പ ആരോപിച്ചു. 

മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിലുള്ള ജില്ലയാണ് ബെലഗാവി. നിലവില്‍ ഭാഷാ അടിസ്ഥാനത്തില്‍ കര്‍ണാടകയുടെ ഭാഗമാണ് ഈ ജില്ല. എന്നാല്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമാണ് ബെലഗാവിയെന്നാണ് മഹാരാഷ്ട്രയുടെ അവകാശവാദം. ബെലഗാവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്രയിലെ കോലാപുറില്‍നിന്ന് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ നിര്‍ത്തിവെച്ചിരുന്നു. ബെലഗാവിയില്‍നിന്ന് കോലാപുറിലേക്കും മഹാരാരാഷ്ട്രയിലെ മറ്റിടങ്ങളിലേക്കുമുള്ള ബസ് സര്‍വീസുകള്‍ നോര്‍ത്ത് വെസ്റ്റ് കര്‍ണാകട റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും താത്കാലികമായി ഞായറാഴ്ചയോടെ നിര്‍ത്തിയിരുന്നു.

ഏതൊക്കെ സ്ഥലങ്ങള്‍ കര്‍ണാടകയ്ക്ക് ഏതൊക്കെ സ്ഥലങ്ങള്‍ മഹാരാഷ്ട്രയ്ക്ക് എന്നീ കാര്യങ്ങള്‍ മഹാജന്‍ റിപ്പോര്‍ട്ടില്‍(ബെലഗാവി അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ 1966ല്‍ രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ് മഹാജന്‍ കമ്മീഷന്‍. ബെലഗാവിയിലെ വിവിധ ഗ്രാമങ്ങള്‍ പരസ്പരം കൈമാറാന്‍ ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട കമ്മീഷന്‍, ബെലഗാവി നഗരത്തിനു മേലുള്ള മഹാരാഷ്ട്രയുടെ അവകാശവാദത്തെ അംഗീകരിച്ചിരുന്നില്ല. അതേസമയം മഹാജന്‍ കമ്മറ്റി റിപ്പോര്‍ട്ട് അന്തിമമല്ലെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്)തീരുമാനിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെ ശ്രമിക്കുകയാണ്. അതിനെ ഞാന്‍ അപലപിക്കുന്നു. ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കുമോയെന്ന ചോദ്യമേ ഉയരുന്നില്ല-യെദിയൂരപ്പ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

ജനങ്ങളോട് സമാധാനവും സാഹോദര്യവും പുലര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കര്‍ണാടകയുടെ ഒരിഞ്ച് സ്ഥലം പോലും വിട്ടുകൊടുക്കുമോയെന്ന ചോദ്യം ഉയരുന്നില്ല. ആരോ ഒരാള്‍ ഒരു പ്രസ്താവന നടത്തിയതു കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട ആവശ്യമില്ല. സമാധാനം നിലനിര്‍ത്തണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു- യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയുമായുള്ള അതിര്‍ത്തിവിഷയം സംബന്ധിച്ച കേസിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രിമാരായ ഛഗന്‍ ഭുജ്ബാലിനെയും ഏക്‌നാഥ് ഷിന്‍ഡെയെയും കോ ഓര്‍ഡിനേറ്റര്‍മാരായി ഉദ്ധവ് താക്കറെ ചുമതലപ്പെടുത്തിയിരുന്നു.

content highlights: yediyurappa on belagavi issue