ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ശ്രീനഗറിന് പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതി അധികൃതര്‍ നല്‍കിയില്ല. പുല്‍വാമ, ഷോപിയാന്‍, സൗത്ത് കശ്മീര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് അഞ്ചംഗ സംഘം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭീകരവാദ ഭീഷണി ചൂണ്ടിക്കാട്ടി ശ്രീനഗറിന് പുറത്തേക്ക് പോകുന്നത് അധികൃതര്‍ തടഞ്ഞു.
ഇതേത്തുടര്‍ന്ന്, വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുമായി ബിജെപിയുടെ മുന്‍ നേതാവും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ഫോണില്‍ സംസാരിച്ചു. ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, യൂസഫ് തരിഗാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് രേഖാമൂലം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ അനുമതി തേടിയിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
അനുമതി ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. കശ്മീരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്നും യഥാര്‍ഥ വസ്തുതകള്‍ അറിയുന്നതില്‍നിന്നും അധികൃതര്‍ തങ്ങളെ തടയുകയാണ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. 25 ന് ഡല്‍ഹിയിലേക്ക് മടങ്ങാനാണ് അഞ്ചംഗ സംഘം തീരുമാനിച്ചിട്ടുള്ളത്.
Content Highlights: Yashwant Sinha-led group barred from moving out of Srinagar