ന്യൂഡല്‍ഹി: അടുത്ത തവണയും മോദിയെ പ്രധാനമന്ത്രിയാക്കാനുറച്ചുതന്നെയാണ് ബിജെപി. അതിനായി തന്ത്രങ്ങള്‍ പലതാണ് അണിയറയില്‍. അതിന്റെ കൂടെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ വിജയത്തിനായി 10 ദിവസം നീണ്ടുനില്‍ക്കുന്ന യജഞം നടക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. മഥുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോദി ചാരിറ്റബിള്‍ ട്രസ്റ്റാണ് യജ്ഞം നടത്തുന്നത്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, ബിജെപി അനുകൂല മനോഭാവമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യജ്ഞത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ടൈംസ്‌ ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സന്യാസിമാരും പുരോഹിതരും മോദിക്ക് 'ദൈവകൃപ'യുണ്ടാകാനുള്ള യജ്ഞത്തിനെത്തും. 

മഥുരയില്‍ യമുനാ തീരത്ത് ഒക്ടോബര്‍ 10 ന് യജ്ഞം ആരംഭിക്കുമെന്ന് മോദി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പവന്‍ പാണ്ഡെ വ്യക്തമാക്കി. സത്ചണ്ഡീ മഹായജ്ഞം എന്നാണ്  ചടങ്ങിന്റെ പേര്. ഒരുലക്ഷത്തോളം മണ്‍ചിരാതുകള്‍ തെളിയിച്ച് മന്ത്രങ്ങള്‍ ജപിക്കുന്നതാണ് യജ്ഞം. ഇതിന്റെ മുന്നൊരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പവന്‍ പാണ്ഡെ പറയുന്നു.