പുണെ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിയായ നടപടി തന്നെയാണെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക കൂടി വേണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ദേശീയ സുരക്ഷയും രാഷ്ട്ര നിര്‍മ്മാണവും പോലെ തുല്യ പ്രധാനാന്യം സാമ്പത്തിക രംഗത്തിനുമുണ്ട്.

അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ കൈക്കൊണ്ട തെറ്റായ നടപടികളാണ് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനേയും അദ്ദേഹം വിമര്‍ശിച്ചു. രഘുറാം രാജന്‍ പലിശ നിരക്ക് ഉയര്‍ത്തിയതും മാന്ദ്യത്തിന് കാരണമായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പുണെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്ത് സ്വീകരിച്ച തെറ്റായ നയങ്ങള്‍ ഇപ്പോഴുമുണ്ട്. ഉയര്‍ന്ന നികുതി ചുമത്തുന്നതടക്കമുള്ളവയാണ് മാന്ദ്യത്തിന് കാരണമെന്നാണ് തോന്നുന്നത്. 

സാമ്പത്തിക രംഗത്ത് എന്റെ ഉപദേശം തേടിയിരുന്നില്ല. അതേ സമയം 370-ാം അനുച്ഛേദം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഉപദേശം നല്‍കിയിരുന്നു. അത് ശരിയാവുകയും ചെയ്തു. സാമ്പത്തിക മേഖലക്ക് വലിയ പരിഗണന നല്‍കണം. ദേശ സുരക്ഷയും രാഷ്ട്ര നിര്‍മ്മാണവും പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് സാമ്പത്തിക മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: "wrong policies" adopted during former finance minister Arun Jaitley's tenure were responsible for the economy slowing down.