കോഴിക്കോട്: ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വിവിധ കോണുകളില്‍നിന്ന് വലിയ എതിര്‍പ്പിനും പ്രതിഷേധത്തിനുമാണ് വഴിവെച്ചിരിക്കുന്നത്. പ്രാദേശിക ഭാഷകള്‍ക്കു പകരം മറ്റൊരു ഭാഷ അടിച്ചേല്‍പിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദി ഇതരമേഖലകളില്‍നിന്നു നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദിക്കുവേണ്ടിയുള്ള വാദത്തെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് അനിതാ നായരുടെ പരിഹാസം. 'തീര്‍ച്ചയായും ഇത് തേങ്ങാക്കൊല തന്നെ... ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെക്കുറിച്ച് കേരളത്തില്‍നിന്നുള്ള പരിഹാസം' എന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പിലൂടെ കിട്ടിയ വീഡിയോ ആണിതെന്നും ചിരിയോടെ ദിവസം തുടങ്ങാം എന്നും ചൊവ്വാഴ്ച രാവിലെ ചെയ്ത ട്വീറ്റില്‍ അവര്‍ പറയുന്നു. 

തെങ്ങിന്റെയും തേങ്ങയുടെയും വിവിധ ഉപയോഗങ്ങള്‍ വിശദീകരിച്ചുകൊണ്ട്, ഹിന്ദിയും മലയാളവും കലര്‍ന്ന വിവരണത്തോടുകൂടിയുള്ളതാണ് വീഡിയോ. ഹിന്ദിയെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടയില്‍ പരിഹാസമുണര്‍ത്തുന്നതാണ് വീഡിയോ. 

ഹിന്ദി സംബന്ധിച്ച് അമിത് ഷാ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഭാഷാവൈവിധ്യം ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ മറ്റു 23 പ്രാദേശിക ഭാഷകള്‍ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കര്‍ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് മുഖ്യഭാഷയെന്നും ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്ന് പറഞ്ഞ്  കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യദ്യൂരപ്പയും രംഗത്തെത്തിയിരുന്നു.  

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍  തുടങ്ങിയവരും അമിത് ഷായുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: writer anita nair shares troll video on hindi row