താരങ്ങൾ ഹരിദ്വാറിൽ എത്തിയപ്പോൾ | Photo: PTI
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചു.
ഇതിനിടെ 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.
ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര റെസ് ലിങ് ഫെഡറേഷന്‍ താക്കീത് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഫെഡറേഷന്‍ അറിയിച്ചു.
അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് പുറമെ ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഐ.ഒ.സി വ്യക്തമാക്കി. താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും പ്രതികരണം.
ചൊവ്വാഴ്ച വൈകീട്ട് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചു. നടപടി വൈകുന്നസാഹചര്യത്തില്‍ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.
Content Highlights: Wrestlers Protest, World Body Threatens to Ban WFI


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..