ഗുസ്തിതാരങ്ങൾ ഗംഗയിൽ ഒഴുക്കാൻ കൊണ്ടുവന്ന മെഡലുകൾ, ഓം പ്രകാശ് ധൻകർ, ജെ.പി. നദ്ദ, മനോഹർ ലാൽ ഖട്ടർ | Photo: ANI
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ തുടരുന്ന സമരത്തില്‍ ഹരിയാന ബി.ജെ.പിയില്‍ ആശയക്കുഴപ്പം. ഹരിയാനയില്‍ നിന്നുള്ള ഗുസ്തിതാരങ്ങള്‍ നേതൃത്വം നല്‍കുന്ന സമരം അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാന നേതൃത്വത്തെ രണ്ടുതട്ടിലാക്കിയിരിക്കുകയാണ്. പ്രക്ഷോഭത്തില്‍ നിലപാടെടുക്കാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയും സംസ്ഥാന അധ്യക്ഷനും എം.പിയടക്കമുള്ളവരും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി രംഗത്തെത്തി.
ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭത്തില്‍ ഹരിയാന ബി.ജെ.പി. വ്യക്തമായൊരു നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന് പിന്തുണ ലഭിക്കുന്നു എന്ന തോന്നല്‍ അകത്തും പുറത്തും ശക്തമാണ്. ഗുസ്തിതാരങ്ങളുടെ കടുത്ത എതിര്‍പ്പിനിടയിലും ബ്രിജ് ഭൂഷണ്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതും ഫെഡറേഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് ഇയാളെ നീക്കംചെയ്യാത്തും മറ്റ് പൊതുപരിപാടികളില്‍ ഇയാള്‍ പങ്കെടുക്കുന്നതും പാര്‍ട്ടി ഇയാള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാനും ഗുസ്തിതാരങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിച്ചുമുള്ള പ്രതികരണങ്ങളാണ് കേന്ദ്രമന്ത്രിമാരില്‍നിന്നടക്കം വരുന്നത്.
അതിനിടെയാണ് ഹിസാര്‍ എം.പി. ബ്രിജേന്ദ്ര സിങ്ങും സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജും പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നേടിയ മുഴുവന്‍ ജീവിതകാലത്തേയും കഠിനപ്രയ്തനത്തിന്റെ സമ്പാദ്യമായ മെഡലുകള്‍ വിശുദ്ധമായ ഗംഗയിലൊഴുക്കുന്നതിനോളം ഗുസ്തിതാരങ്ങളെ എത്തിച്ച നിസഹായാവസ്ഥ തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നായിരുന്നു ബ്രിജേന്ദ്ര സിങ് പ്രതികരിച്ചത്. മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ താരങ്ങള്‍ തീരുമാനിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിഷേധത്തിലുള്ള ഗുസ്തിതാരങ്ങള്‍ക്കൊപ്പമാണ് താന്നെന്ന് വ്യക്തമാക്കി അനില്‍ വിജും രംഗത്തെത്തിയിരുന്നു. ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുടെ കേസ് ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. കായികമന്ത്രിയായിരുന്ന താന്‍ പൂര്‍ണ്ണമായും താരങ്ങള്‍ക്കൊപ്പമാണ്. സര്‍ക്കാരില്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഞാനതുചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം, ഗുസ്തിതാരങ്ങളുടെ വിഷയം ഹരിയാനയുമായി ബന്ധമില്ലാത്തതാണെന്നും താരങ്ങളും കേന്ദ്രസര്‍ക്കാറുമായാണ് പ്രശ്‌നമെന്നുമാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വിശദീകരണം.
ഹരിയാനയില്‍ നിന്ന് തന്നെയുള്ള മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ്ങും താരങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വിഷയത്തില്‍ പരസ്യമായി പ്രതികരണങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം ഗുസ്തിതാരങ്ങളുമായി സംസാരിക്കുകയും വിഷയം ബി.ജെ.പി. ദേശീയാധ്യക്ഷനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വിഷയത്തില്‍ പെട്ടെന്നുതന്നെ അനുഭാവപൂര്‍ണമായ പരിഹാരം വേണമെന്നും പാര്‍ട്ടിയുടെ വിശ്യാസ്യത ചോദ്യംചെയ്യപ്പെടുകയാണെന്നും സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ നടത്തിപ്പില്‍ കാര്യമായ മാറ്റംവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വിഷയം കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറുമായി ചര്‍ച്ചചെയ്‌തെന്നും താരങ്ങള്‍ക്ക് നീതിവേണമെന്നും താന്‍ ആവശ്യപ്പെട്ടതായി ഹരിയാന ബി.ജെ.പി. അധ്യക്ഷന്‍ ഓം പ്രകാശ് ധന്‍കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, കേന്ദ്രസര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കാനായിരുന്നു കേന്ദ്ര കായികമന്ത്രിയുടെ മറുപടി.
Content Highlights: wrestlers protest Haryana bjp Dilemma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..