ന്യൂഡൽഹി: രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത് മന്ത്രിസഭയിലുണ്ടായിരുന്നെങ്കില്‍ മമത ബാനർജി സഖ്യം വിട്ടുപോകില്ലായിരുന്നുവെന്ന് പ്രണബ് മുഖര്‍ജിയുടെ ഓർമക്കുറിപ്പുകൾ. അദ്ദേഹത്തിന്റെ ആത്മകഥയായ ദി പ്രസിഡൻഷ്യൽ ഇയേഴ്സിലാണ് മമത ബാനർജി യു.പി.എ. സഖ്യം വിട്ടതിനെ കുറിച്ചുളള പരാമർശമുളളത്.
രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് 2012-ലാണ് മമത സഖ്യം വിടുന്നത്. നേരിട്ടുളള വിദേശ നിക്ഷേപം സംബന്ധിച്ച തീരുമാനം പൂർണമായും പിൻവലിക്കണം, സബ്സിഡി അനുവദിക്കുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ എണ്ണം ആറിൽ നിന്ന് പന്ത്രണ്ടായി ഉയർത്തണം, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു മമത മുന്നോട്ടുവെച്ചിരുന്നത്.
പ്രതിസന്ധി ഘട്ടത്തിലെ നേതൃത്വം സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ വിശദമാക്കുന്ന ഭാഗത്താണ് മമത സഖ്യം വിട്ടതിനെ കുറിച്ചുളള പ്രണബിന്റെ പരാമർശമുളളത്.' പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയുടെ നേതൃത്വം വ്യത്യസ്തമായ ഒരു സമീപനമാണ് ആവിഷ്കരിക്കേണ്ടിയിരുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ധനമന്ത്രിയായി സർക്കാരിൽ ഞാൻ തുടരുകയായിരുന്നെങ്കിൽ സഖ്യത്തിൽ മമതയുടെ തുടർച്ച ഞാൻ ഉറപ്പാക്കുമായിരുന്നു.' പ്രണബ് മുഖർജി എഴുതുന്നു.
ഒന്നാം യു.പി.എ. സഖ്യത്തിന്റെയും രണ്ടാം യു.പി.എ. സഖ്യത്തിന്റെയും ഭരണകാലത്തെ വ്യത്യാസങ്ങളെയും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. 2004-ൽ ഇടതുപാർട്ടികളുടേയോ സമാജ് വാദി പാർട്ടിയുടെയോ പിന്തുണയില്ലാതെ യു.പി.എ. നിലവിൽ വരില്ലായിരുന്നു. ഇടതുപാർട്ടികൾ പിന്തുണ പിൻവലിച്ചപ്പോൾ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ അതിജീവിച്ചത്.
രണ്ടാം യു.പി.എ. സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടപ്പോൾ ഇടത്, രാഷ്ട്രീയ ജനതാദൾ ജെ.ഡി.യു. തുടങ്ങി മുൻ പങ്കാളികളായിരുന്നവരിൽ പലരും സഖ്യത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ തൃണമൂൽ കോൺഗ്രസിലെ 19 ലോക്സഭാ അംഗങ്ങളുള്ള മമതയുമായി സഖ്യമുണ്ടാക്കി. ആ സഖ്യം അധികകാലം തുടർന്നുമില്ല. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും, 2011 നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സഖ്യവുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സെപ്റ്റംബർ 2012-ൽ മമത ബാനർജി പിന്തുണ പിൻവലിക്കുകയായിരുന്നു.'
യു.പി.എയ്ക്ക് 2014 ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ കുറിച്ചും ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. '2004- യു.പി.എ. സർക്കാരിന്റെ കാലത്ത് ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ 2014-ൽ ഇത്തരമൊരു കനത്ത പ്രഹരം ഒഴിവാക്കാമായിരുന്നുവെന്ന് കോൺഗ്രസിലെ ചില നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ, ആ കാഴ്ചപ്പാടിനോട് ഞാൻ യോജിക്കുന്നില്ല. ഞാൻ പ്രസിഡന്റായതോടെ പാർട്ടിയുടെ നേതൃത്വത്തിൽ രാഷ്രീയ ശ്രദ്ധ നഷ്ടപ്പെട്ടെന്നാണ് ഞാൻ കരുതുന്നത്. പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സോണിയ ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല. ഡോ.സിങ്ങിന്റെ ദീർഘകാല അഭാവം മറ്റു എം.പിമാരുമായുള്ള വ്യക്തപരമായ ബന്ധം ഇല്ലാതാക്കി. രാജ്യസഭയിലെ എന്റെ നാളുകളിൽ മുലായം സിങ് യാദവ്, മായാവതി തുടങ്ങി നിരവധി നേതാക്കളുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ എനിക്ക് സാധിച്ചിരുന്നു.' ആത്മകഥയിൽ മുഖർജി എഴുതുന്നു.
Content Highlights:Would Have Ensured Mamata Remained Part of UPA-II if I Continued as FM - Pranab Mukherjee