ന്യൂഡല്‍ഹി: കോവിഡ് 19ന്റെ ഇന്ത്യയിലെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയിലെ വാക്‌സിനേഷന്‍ പ്രക്രിയയുടെ പശ്ചാത്തലത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന. 

വൈറസ് വ്യാപനത്തെ തടയുന്നതിന് തുടര്‍ന്നും ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡിനെതിരെ നാം സ്വീകരിച്ച നടപടികള്‍  മഹാമാരിക്കെതിരായ ലോകത്തിന്റെ പോരാട്ടത്തില്‍ ദീപശിഖയേന്താന്‍ രാജ്യത്തിന് സഹായകരമായി. മഹാമാരിക്കെതിരെ പോരാടാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ആശാവര്‍ക്കാര്‍മാര്‍ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റുകള്‍, കൈയ്യുറകള്‍, മാക്‌സുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയും വാക്‌സിനുകളും വന്‍തോതില്‍ ഉത്പാദിപ്പിച്ച വ്യവാസയ മേഖലയും കോവിഡ് പ്രതിരോധത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Content Highlights: Worst Phase of Covid-19 Appears to be Over- Venkaiah Naidu