ന്യൂഡല്‍ഹി: കത്തിക്കരിഞ്ഞ വീടുകളും വാഹനങ്ങളും, തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍, ആളൊഴിഞ്ഞ നിരത്തുകള്‍, എങ്ങും അവശിഷ്ടങ്ങള്‍ മാത്രം... കാഴ്ചയില്‍ വല്ലപ്പോഴും എത്തുന്നത് നഷ്ടപ്പെട്ട സ്വത്തുകള്‍ക്ക് മുന്നില്‍ നെടുവീര്‍പ്പിടുന്ന ഒന്നോ രണ്ടോ മനുഷ്യര്‍.പ്രേതനഗരത്തെ അനുസ്മരിപ്പിക്കുന്ന നിശബ്ദത..  വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഏറ്റവും തിരക്കുപിടിച്ച ശിവ് വിഹാര്‍ കോളനിയെ ഇപ്പോള്‍ എന്ത് പറഞ്ഞ് വിശദീകരിക്കണമെന്നറിയില്ല. അത്രത്തോളം നശിപ്പിക്കപ്പെട്ടിരിക്കുന്നു ഈ പ്രദേശം. കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് ശിവ് വിഹാര്‍. 

കലാപത്തിനിടെ ഇരച്ചെത്തിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തീവെച്ചുനശിപ്പിച്ചു, തല്ലിത്തകര്‍ത്തു. മുന്നിലെത്തിയവരെ ആക്രമിച്ചു. തകര്‍ക്കപ്പെട്ട വീടുകളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തത് സമീപത്തെ ഇന്ദിരാവിഹാറിലേക്കാണ്. 

shiv vihar
Image/NDTV

തന്നേയും കുടുംബത്തേയും അക്രമികള്‍ വേട്ടയാടിയത് ആസിഡ് കൊണ്ടാണെന്ന് പ്രദേശവാസിയായ മുംതാസ് പറയുന്നു. കലാപകാരികള്‍ എത്തിയപ്പോള്‍ ഞങ്ങള്‍ വീടിനുള്ളിലായിരുന്നു. വീടിനുള്ളിലേക്ക് അവര്‍ ആസിഡ് നിറച്ച കുപ്പി വലിച്ചെറിഞ്ഞു. എന്റെ ഭര്‍ത്താവിന്റെ മുഖത്തേക്കാണ് അത് വന്നുവീണത്. അദ്ദേഹത്തിന് അടുത്ത് നിന്നിരുന്ന മകളുടെ മുഖത്തേക്കും ആസിഡ് തെറിച്ചു. എങ്ങനെയൊക്കയോ രക്ഷപ്പെട്ട് ഓടികയായിരുന്നു ഞങ്ങള്‍. പൊലീസിന് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ക്ട് ആയില്ല. ജീവനും കൊണ്ട് ഓടുകയായിരുന്നു ഞങ്ങള്‍ .കലാപം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും അന്ന് ധരിച്ച അതേ വസ്ത്രത്തിലാണ് ഇപ്പോഴും ഞങ്ങളുള്ളത്. ആസിഡ് ആക്രമണത്തിന്റെ പരിക്കുകള്‍ വേറേയും. 

നാല് ദിവസം ഇരുട്ടിലാണ് കഴിഞ്ഞതെന്ന് 28കാരിയായ ഷഹ്ബാനോ പറഞ്ഞുയ 15 വയസ്സുള്ള മകനേയും കൂട്ടിയാണ് സ്വന്തം വീടിനുള്ളില്‍ ഞങ്ങള്‍ ഒളിച്ചിരുന്നത്. ലൈറ്റ് ഇട്ടാല്‍ വീട്ടില്‍ ഞങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ് അവര്‍ ആക്രമിക്കുമെന്ന് ഭയം. ഞങ്ങളുടെ അയല്‍വീട് അവര്‍ തീവെച്ചതോടെ ജീവനും കൊണ്ട് ഞങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇനി ഞങ്ങള്‍ക്ക് ഒന്നും ബാക്കിയില്ല. എല്ലാം പോയി. 

shiv vihar
Image/NDTV

ഇന്ദിരാവിഹാറിലുള്ള അമ്പതുകാരിയായ നഫീസ്  അഹമ്മദിന്റെ വീട്ടിലിരുന്നാണ് ഇവര്‍ ഈ അനുഭവം പങ്കുവെയ്ക്കുന്നത്. നിരവധി പേര്‍ക്ക് നഫീസ അഭയം നല്‍കിയിരിക്കുന്നു. കോളനി മാറിയെങ്കിലും എപ്പോള്‍ വേണമെങ്കിലും വീണ്ടുമൊരു സംഘര്‍ഷം പൊട്ടിപ്പുറപ്പെടാമെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത്. 

Content Highlights: Worst Affected In Delhi Clashes, Shiv Vihar Resembles A Ghost Town, Delhi Riots