ന്യൂഡല്‍ഹി: രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ പാര്‍ട്ടിയെ ഓര്‍ത്ത് ദുഃഖിക്കുന്നുവെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നേതൃത്വം എപ്പോള്‍ ഉണരുമെന്ന ചോദ്യവും ഉന്നയിച്ചു. കുതിരകള്‍ ലായത്തില്‍നിന്ന് പുറത്തുചാടിയതിന് ശേഷമേ നാം ഉണരുകയുള്ളോ എന്നു സിബല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച പ്രതികരണവുമായി ആദ്യം രംഗത്തെത്തുന്ന മുതിര്‍ന്ന നേതാവാണ് സിബല്‍. മുതിര്‍ന്ന നേതാക്കളും പുതിയ തലമുറയില്‍പ്പെട്ടവരും തമ്മിലുള്ള ഭിന്നതകള്‍ക്കിടെ മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം അടുത്തിടെയാണ് ഉണ്ടായത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതമൂലം മധ്യപ്രദേശില്‍ സംഭവിച്ചത് രാജസ്ഥാനിലും അവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. 

തനിക്കൊപ്പമുള്ള എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെയാണ് കപില്‍ സിബലിന്റെ പ്രതികരണം. കോവിഡ് മഹാമാരിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Content Highlights: Worried for the party, tweets Sibal amid Rajasthan crisis