ലേ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖാദി ദേശീയ പതാക മഹാത്മാ ഗാന്ധിയുടെ 152 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലഡാക്കിലെ ലേയില്‍ അനാവരണം ചെയ്തു. ശനിയാഴ്ച രാവിലെ ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആര്‍.കെ. മാത്തൂറാണ് പതാക അനാവരണം ചെയ്തത്.

225 അടി നീളവും 150 അടി വീതിയുമുള്ള ത്രിവര്‍ണ്ണ പതാകയ്ക്ക് 1000 കിലോയോളം ഭാരമുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ 57 എഞ്ചിനീയര്‍ റെജിമെന്റാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

'നമ്മുടെ പതാക ഐക്യത്തിന്റെയും മാനവികതയുടെയും അടയാളമാണെന്നും രാജ്യത്തെ എല്ലാവരും അംഗീകരിക്കുന്ന പ്രതീകമാണെന്നും ഗാന്ധിജി പറഞ്ഞിരുന്നു. ഇത് രാജ്യത്തിന്റെ മഹത്വത്തിന്റെ പ്രതീകമാണ്... വരുംവര്‍ഷങ്ങളില്‍ ലേയിലെ ഈ പതാക നമ്മുടെ സൈനികര്‍ക്കുള്ള ആവേശത്തിന്റെ അടയാളമായിരിക്കും', ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ചടങ്ങ് ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രി കമ്മീഷന്‍ (കെവിഐസി) ആണ് പതാക നിര്‍മ്മിച്ചത്. ലഡാക്കില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയും പതാക ഉദ്ഘാടന വേളയില്‍ സന്നിഹിതനായിരുന്നു.

ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നതിന് ലേയിലെ പരിപാടി നടക്കുന്ന സ്ഥലത്തിന് മുകളിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പറക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിരുന്നു.

1000 കിലോ ഭാരം വരുന്ന പതാക ഇന്ത്യന്‍ സൈന്യത്തിന്റെ 57 എന്‍ജിനീയര്‍ റെജിമെന്റിലെ 150 സൈനികര്‍ ചേര്‍ന്ന് ലേയിലെ 2,000 അടിയിലധികം ഉയരമുള്ള ഒരു കുന്നിന്‍ മുകളിലേക്ക് ചുമന്ന് കൊണ്ടുപോകുകയായിരുന്നു. സൈന്യം കുന്നില്‍ മുകളിലെത്താന്‍ രണ്ട് മണിക്കൂര്‍ എടുത്തു.

Content Highlights: Worlds largest khadi national flag unveiled in Leh, weighing 1000kg