Photo | PTI
ശ്രീനഗര്‍: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കമുള്ളവ ഓടിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. ഈഫല്‍ ടവറിനെക്കാള്‍ ഉയരമുള്ള പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം. ചെനാബ് നദിക്കു മുകളിലൂടെ നിര്‍മിച്ച പാലത്തിലൂടെ വന്ദേ ഭാരത് എക്സ്പ്രസ്, വന്ദേ മെട്രോ ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഉടനാരംഭിക്കുമെന്നാണ് പ്രഖ്യാപനം.
ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള (യു.എസ്.ബി.ആര്‍.എല്‍.) റെയില്‍ ലിങ്ക് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കാന്‍ വന്ദേ മെട്രോ വഴി സാധിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ പദ്ധതി പൂര്‍ത്തിയാവും. പാത തയ്യാറാവുന്ന മുറയ്ക്ക് വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങും. അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ബദ്ഗാമില്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.നദിയില്‍നിന്ന് 359 മീറ്റര്‍ (1178 ഫീറ്റ്) ഉയരത്തിലാണ് ചെനാബ് പാലം നിര്‍മിച്ചിരിക്കുന്നത്.
പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്ററെങ്കിലും അധികം ഉയരം വരുമിതിന്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം കത്ര മുതല്‍ ബനിഹാല്‍ വരെ 111 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. 35,000 കോടി രൂപ ചെലവിലാണ് യു.എസ്.ബി.ആര്‍.എല്‍. പദ്ധതിക്കായി ചെലവഴിച്ചത്. 2003-ല്‍ അനുമതി ലഭിച്ച പാലം രണ്ട് പതിറ്റാണ്ട് കഴിയുമ്പോള്‍ നിര്‍മാണം പൂര്‍ത്തിയാവാനിരിക്കുകയാണ്. 2004-ല്‍ ആരംഭിച്ചെങ്കിലും, മേഖലയില്‍ കനത്ത കാറ്റ് വീശിയിരുന്നതിനാല്‍ 2008-09 കാലയളവില്‍ പദ്ധതി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.
Content Highlights: world's highest railway bridge to open in j&k soon, chenab bridge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..