ന്യൂഡല്‍ഹി: ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ ദൃഷ്ടികള്‍ ഇന്ത്യയിലേക്കാണ്. ഇന്ത്യയെ കുറിച്ച് പ്രതീക്ഷകളുണ്ടെന്നും ഈ  ലോകത്തെ മെച്ചപ്പെടുത്താന്‍ ഇന്ത്യക്ക് സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രപതിയുടെ പ്രസംഗം കേള്‍ക്കാതെയാണ് പ്രതിപക്ഷം അതിനെ വിമര്‍ശിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗം കേട്ടിരുന്നെങ്കില്‍ നന്നായിരുന്നു. എന്നാല്‍ ആ പ്രസംഗത്തിന്റെ കരുത്തുകൊണ്ടാണ് കേള്‍ക്കാതെ തന്നെ പ്രതിപക്ഷം അതേക്കുറിച്ച് ഒരുപാട് സംസാരിച്ചത്- പ്രധാനമന്ത്രി പറഞ്ഞു. അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് നാം കടക്കുകയാണ്. പ്രചോദനത്തിന്റെ വര്‍ഷമായി ഇതിനെ നാം ആഘോഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് വലിയതോതില്‍ കോവിഡ് വാക്‌സിന്‍ വിതരണം നടപ്പാക്കാനായി. ഫാര്‍മസി ഹബ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. നാം ലോകത്തിന് വാക്‌സിന്‍ വിതരണം ചെയ്തു. നമ്മുടെ ഡോക്ടര്‍മാര്‍ക്ക് രാജ്യാന്തരതലത്തില്‍നിന്നും പ്രശംസ ലഭിച്ചു. മഹാമാരിയുടെ സമയത്ത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം സംയുക്തമായി പ്രവര്‍ത്തിച്ചു. സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

content highlights: world looking india with hope says prime minister narendra modi