പ്രതീകാത്മക ചിത്രം| ഫോട്ടോ: എ.പി.
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ 'വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2021'ല്‍ ഇന്ത്യ 139-ാമത്. 149 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഫിന്‍ലന്‍ഡ് ആണ്. കോവിഡ് 19ന്റെ പ്രത്യാഘാതങ്ങളെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ എങ്ങനെ തരണം ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഹാപ്പിനസ് റിപ്പോര്‍ട്ട്.
149 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ജനങ്ങള്‍ സ്വന്തം അവസ്ഥകളില്‍ എത്രത്തോളം സന്തോഷവാന്മാരാണ് എന്നായിരുന്നു പരിശോധിച്ചത്. രണ്ടുതലങ്ങളിലാണ് ഈ പരിശോധന നടന്നത്. ഒന്നാമതായി, കോവിഡ് മഹാമാരി ജനങ്ങളുടെ ജീവിതത്തിന്റെ ഘടനയിലും നിലവാരത്തിലും ഏതുതരത്തിലുള്ള ഫലങ്ങളാണുണ്ടാക്കിയതെന്ന് പരിശോധിച്ചു. രണ്ടാമതായി, ലോകത്തെ വ്യത്യസ്ത സര്‍ക്കാരുകള്‍ മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്തു എന്നും പരിശോധിച്ചു. ചില രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ എങ്ങനെ കോവിഡ് സാഹചര്യത്തെ മറികടന്നു എന്നതും പഠനത്തിന്റെ ഭാഗമായിരുന്നു.
പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 139-ാമത് ആണ്. 2019ല്‍ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു. നേരിട്ടും ടെലഫോണ്‍ മുഖേനയുമായിരുന്നു ഇന്ത്യയിലെ ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയത്. ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡിനെ പിന്തുടര്ന്ന് ഐസ്ലന്ഡ്, ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്വീഡന്, ജര്‍മനി, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താന് 105-ാം സ്ഥാനത്തും ബംഗ്ലാദേശ് 101, ചൈന 84 എന്നിങ്ങനെയുമാണ് പട്ടികയിലുള്ളത്.
അഫ്ഗാനിസ്താന് ആണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്. സിംബാബ്വേ, റുവാണ്ട, ബോട്സ്വാന, ലസോതോ എന്നിവയാണ് അവസാന സ്ഥാനത്തുള്ള മറ്റു രാജ്യങ്ങള്‍. പട്ടികയില്‍ അമേരിക്കയുടെ സ്ഥാനം 19 ആണ്.
Content Highlights: World Happiness Report 2021- India ranks 139 out of 149 nations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..