ഡൽഹിയിൽ ബിജെപി സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ / മാതൃഭൂമി
ന്യൂഡല്‍ഹി: ലോകം രണ്ട് തട്ടിലായി നിലകൊണ്ട സമയത്ത് ഇന്ത്യ ശക്തമായ സ്വതന്ത്ര നിലപാട് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ - യുക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ രാജ്യതാത്പര്യവും മനുഷ്യത്വവും മുന്‍നിര്‍ത്തിയുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്ന് ബിജെപിയുടെ സ്ഥാപക ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ സ്ഥാപക ദിനത്തിന് പ്രാധാന്യം ഏറെയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്. എല്ലാവരെയും വളരെയധികം പ്രചോദിപ്പിക്കുന്ന കാര്യമാണത്. ലോകസാഹചര്യങ്ങളില്‍ വളരെവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊന്ന്. പുതിയ അവസരങ്ങളാണ് ഇതുമൂലം ഇന്ത്യയ്ക്ക് കൈവന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ ലോക നിലവാരത്തിലേക്ക് എത്തിക്കേണ്ടതുണ്ട്.
സാമൂഹ്യ നീതി ഉറപ്പാക്കുക എന്നതാണ് മറ്റൊരുകാര്യം. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നാം മുന്നോട്ടു പോകുന്നത്. 400 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കയറ്റുമതിയെന്ന ലക്ഷ്യം ഇന്ത്യ അടുത്തിടെ കൈവരിച്ചിരുന്നു. ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതാണ് മഹാമാരിക്കിടെ കൈവരിച്ച ഈ നേട്ടം.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധി രാജ്യം നേരിട്ട സമയത്ത് 80 കോടി ജനങ്ങള്‍ക്കാണ് ഇന്ത്യ സൗജന്യ റേഷന്‍ നല്‍കിയത്. ഒരു ഇന്ത്യക്കാരന് പോലും വിശപ്പ് സഹിച്ച് ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ 3.5 ലക്ഷം കോടിയാണ് ചിലവഴിച്ചത്. ഏത് സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചാലും ഇന്ത്യ വികസിക്കില്ലെന്ന് ജനം കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. രാജ്യം പുരോഗതിയുടെ പാതയില്‍ മുന്നേറുകയാണെന്ന് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാന്‍ കഴിയും.
രാജ്യത്തെ പാവപ്പെട്ടവരുടെയും ദളിത് വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി ബിജെപി നിരന്തരം പരിശ്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി.യുടെ നാല്പത്തിരണ്ടാമത് സ്ഥാപക ദിനാഘോഷങ്ങള്‍ക്കാണ് ബുധനാഴ്ച തുടക്കം കുറിച്ചത്. 14 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
Content Highlights: PM Narendra Modi, Russia- Ukraine war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..