പ്രതീകാത്മകചിത്രം: Photo : ANI
ഹരിദ്വാര്‍: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധസമരം തുടരുന്ന ഗുസ്തിതാരങ്ങള്‍ രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളെ തടയില്ലെന്ന് വ്യക്തമാക്കി ഹരിദ്വാര്‍ പോലീസ്.
ഹരിദ്വാറില്‍ പ്രവേശിക്കുന്നതിനോ മെഡലുകള്‍ ഗംഗയില്‍ ഉപേക്ഷിക്കുന്നതിനോ ഗുസ്തി താരങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും താരങ്ങളെ തടയണമെന്നുള്ള നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. സ്വര്‍ണം, വെള്ളി, ചിതാഭസ്തം തുടങ്ങിയവ ഭക്തര്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാറുണ്ടെന്നും ഗുസ്തി താരങ്ങള്‍ക്ക് അവരുടെ മെഡലുകള്‍ അത്തരത്തില്‍ ഒഴുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവരത് ചെയ്യട്ടെയെന്നും എസ്പി . ഗംഗ ദസറയുടെ സമയത്ത് 15 ലക്ഷത്തോളം തീര്‍ഥാടകര്‍ ഗംഗയില്‍ പുണ്യസ്‌നാനത്തിനെത്താറുണ്ടെന്നും ഗുസ്തി താരങ്ങളേയും അതിനായി സ്വാഗതം ചെയ്യുന്നതായും സിങ് പറഞ്ഞു.
ഹരിദ്വാറിലേക്ക് പോകുമെന്നും വൈകിട്ട് ആറ് മണിക്ക് മെഡലുകള്‍ നിമജ്ജനം ചെയ്യുവെന്നും താരങ്ങളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ സമാനമായി ട്വീറ്റ് ചെയ്തിരുന്നു. "ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതവും ആത്മാവുമാണ്. ഗംഗയില്‍ ഇവ ഉപേക്ഷിച്ച ശേഷം ഞങ്ങള്‍ ജീവിച്ചിരിക്കുന്നതില്‍ പ്രത്യേകിച്ച് ഒരര്‍ഥവുമില്ല. അതുകൊണ്ട് മെഡല്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യാഗേറ്റില്‍ ഞങ്ങള്‍ മരണം വരെ തുടരുന്ന നിരാഹാര സമരം ആരംഭിക്കും", താരങ്ങള്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.
ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ സമ്മേളിക്കുന്ന ഗംഗാ സപ്തമി ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളിലാണെന്നും ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തുന്ന കാര്യം തങ്ങളെ ആറും അറിയിച്ചിട്ടില്ലെന്നും ഗംഗാസഭ പ്രസിഡന്റ് നിതിന്‍ ഗൗതം പറഞ്ഞു. രാജ്യത്തെ പ്രമുഖതാരങ്ങള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത മെഡലുകള്‍ ഗംഗയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത് നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയ്ക്ക് അശുഭകരമാണെന്ന് ഹരിദ്വാറിലെ രാധേ ശ്യാം ആശ്രമത്തിലെ സത്പാല്‍ ബ്രഹ്‌മചാരി അഭിപ്രായപ്പെട്ടു. ഗുസ്തി താരങ്ങള്‍ ഒരുതരത്തിലുള്ള നിയമലംഘനത്തിന് മുതിരരുതെന്നും മാധ്യമശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടിയായി തങ്ങളുടെ സമരത്തെ മാറ്റാതെ പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും തീര്‍ഥ് മര്യാദ രക്ഷാസമിതി കണ്‍വീനര്‍ സജ്ഞയ് ചോപ്ര പറഞ്ഞു.
Content Highlights: Won’t stop them says Haridwar SSP on wrestlers’ plan to immerse medals in Ganga


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..