കൊല്‍ക്കത്ത: മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ ഒരിക്കലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത പറഞ്ഞു. ഈ കാരണത്താല്‍ തന്റെ കണക്ഷന്‍ വിച്ഛേദിച്ചാല്‍ പോലും കാര്യമാക്കില്ലെന്നും മമത പറഞ്ഞു. 

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ 2018 ഫെബ്രുവരിക്ക് ശേഷം റദ്ദാക്കുമെന്ന ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോടാണ് മമതയുടെ പ്രതികരണം.

ജനങ്ങളുടെ അവകാശങ്ങളിലും സ്വകാര്യതയിലും കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണ്. ഏകാധിപത്യ ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത്.  സര്‍ക്കാറിനെതിരെ ആര്‍ക്കും ശബ്ദമുയര്‍ത്താന്‍ പോലും സാധിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ ഭീരുക്കളല്ല, ജയിലിലേക്ക് പോകേണ്ടി വന്നാല്‍ പോലും സര്‍ക്കാറിനെതിരെ പ്രതിഷേധിക്കും.

ത്രിണമൂല്‍ കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ ഭരണം വേണ്ട. എന്നാല്‍ ബിജെപിയെ കേന്ദ്രാധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും മമത പറഞ്ഞു. 

മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ 8ന് കരിദിനമായി ആചരിക്കുമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ പതിനേഴോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കുചേരും.