മുംബൈ: അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന്‌ അറുതിയായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാര്‍ട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെയായിരിക്കും. നിങ്ങളത് എഴുതിവെച്ചോളുവെന്നും സഞ്ജയ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോടായി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ശിവസേനയ്ക്ക് സാധിക്കും. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. 50:50 ഫോര്‍മുലയിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് അന്ത്യശാസനമൊന്നും നല്‍കുന്നില്ല. അവര്‍ വലിയ ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. 54 സീറ്റുകളാണ് എന്‍സിപിക്കുള്ളത്. ആര്‍ക്കും അഹങ്കാരം പാടില്ല. പല അലക്‌സാണ്ടര്‍മാരും കാലത്തിന്റെ സമുദ്രത്തില്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നുമുള്ള റാവുത്തിന്റെ ട്വീറ്റും കൂടിക്കാഴ്ചക്ക് പിന്നാലെ വന്നിരുന്നു.

Content Highlights: Won't compromise on CM post, can form govt in Maha without BJP: Shiv Sena