ന്യൂഡല്‍ഹി: ഐശ്വര്യ റായിയുമായുള്ള വിവാഹ മോചനത്തിന് ബന്ധുക്കള്‍ അനുമതി നല്‍കാത്തപക്ഷം വീട്ടിലേക്കില്ലെന്ന് ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ്. നിലവില്‍ ഹരിദ്വാറിലുള്ള തേജ് പ്രതാപ് പാട്നയിലെ പ്രാദേശിക വാര്‍ത്താ ചാനലിനോട് ഫോണില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മെയ് 12നായിരുന്നു ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം. ഐശ്വര്യയുമായി നേരത്തേതന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് തയ്യാറായതെന്നും തേജ് പ്രതാപ് വെളിപ്പെടുത്തിയിരുന്നു. അസുഖം ബാധിച്ച് ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം ശനിയാഴ്ച ബോധ്ഗയയിലെ ഹോട്ടലില്‍ വെച്ചാണ് തേജ് പ്രതാപ് ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ലാലു പ്രസാദ് യാദവ് നിലവില്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹ മോചനം നേടാനുള്ള മകന്റെ തീരുമാനത്തില്‍ ലാലു യാദവ് നിരാശനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.