ചെന്നൈ: തമിഴ്‌നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ലെന്ന് ബി.ജെ.പി. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

നിലവില്‍ തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമില്ല. തമിഴ്‌നാടിനെ രണ്ടായി വിഭജിച്ച് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാട് രൂപീകരിക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി. നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പി. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ എ.ഐ.എ.ഡി.എം.കെ. - ബി.ജെ.പി. സഖ്യം 50 നിയമസഭാ സീറ്റുകളില്‍ 33 എണ്ണം നേടി.

കൊങ്കുനാട് സ്വദേശിയായ ബി.ജെ.പി. എംപി എല്‍. മുരുകനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെ തമിഴ്‌നാട് വിഭജന ചര്‍ച്ചകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വര്‍ധിച്ചിരുന്നു. മുരുകനെ കൊങ്കുനാട് മേഖലയിലെ മന്ത്രി എന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി. നേതാക്കള്‍ വിശേഷിപ്പിച്ചത്.

കൊങ്കുനാട് വിഷയം വിവാദമായതോടെ കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ, സി.പി.ഐ (എം), എം.ഡി.എം.കെ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: Won't bifurcate Tamil Nadu- BJP