കൊല്‍ക്കത്ത: കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നോട്ടീസില്‍ ഭയപ്പെടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തിലെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര ബാനര്‍ജിക്കും ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഇതുകൊണ്ടെല്ലാം ഞങ്ങളുടെ പോരാട്ടം കൂടുതല്‍ ശക്തമാവുകയേയുള്ളു. ബിജെപിയെ രാജ്യത്തുനിന്നും തുടച്ചുനീക്കുന്നത് വരെ തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. 

ബിജെപി രാജ്യത്തെ ജനാധിപത്യത്തെ കൊല്ലുകയാണെന്നും ബാനര്‍ജി കുറ്റപ്പെടുത്തി. ജനാധിപത്യം കൊലചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലെത്തി അവിടെയുള്ള ജനങ്ങള്‍ക്കായി തൃണമൂല്‍ പോരാടും. ഞങ്ങളെ നിശബ്ദരാക്കാമെന്ന് ബിജെപി കരുതണ്ട. പാര്‍ട്ടി ഒന്നിനേയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിന്റെ കല്‍ക്കരി പാടങ്ങളില്‍ നിന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അഭിഷേക് ബാനര്‍ജിക്ക് ഇഡി നോട്ടീസ് നല്‍കിയത്. സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ട കേസിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിയോട് സെപ്റ്റംബര്‍ ആറിനും ഭാര്യയോട് സെപ്റ്റംബര്‍ ഒന്നിനും ഹാജരാകണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഇരുവരുടേയും അഭിഭാഷകനായ സഞ്ജയ് ബസുവിനോട് സെപ്റ്റംബര്‍ മൂന്നിന് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ബംഗാളിലെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ശ്യാം സിങ്, ഗ്യാന്‍വന്ത് സിങ് എന്നിവരോട് സെപ്റ്റംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. രുചിരയെ ഈ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 23ന് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

content highlights: Won't be scared: Mamata Banerjee's nephew Abhishek after ED summons him