അജ്മീർ ദർഗ മേധാവി സൈനുൽ ആബിദീൻ അലി ഖാൻ
ജയ്പുര്‍: ഉദയ്പുരിലെ തയ്യല്‍ക്കാരന്റെ കൊലപാതകത്തില്‍ അപലപിച്ച് അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ അലി ഖാന്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഒരിക്കലും താലിബാന് മനോഭാവം വച്ചുപുലര്‍ത്താന്‍
അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിനെയും പ്രവാചകനേയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുപേര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഒരു മതവും മനുഷ്യത്വത്തിനെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച് ഇസ്ലാംമതം. സമാധാനമാണ് മതങ്ങള്‍ പഠിപ്പിക്കുന്നതെന്നും അജ്മീര്‍ ദര്‍ഗ മേധാവി പറഞ്ഞു.
ഇസ്ലംമതം അനുസരിച്ച് കടുത്ത പാപം ലഭിക്കുന്ന കുറ്റമാണ് വീഡിയോയിലുള്ള രണ്ട് പേരും ചെയ്തിരിക്കുന്നത്. ഒരു ധാര്മികയുമില്ലാതെയാണ് ആ പാവപ്പെട്ട മനുഷ്യനെ കൊലപ്പെടുത്തിയിരിക്കുന്നത്. അക്രമത്തിന്റെ പാതയിലൂടെ മാത്രം പരിഹാരം കണ്ടെത്തുന്ന തീവ്രവാദ സംഘടനകളുടെ ഭാഗമാണ് പ്രതികളെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു, സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഒരിക്കലും മാതൃരാജ്യത്ത് താലിബാന് ചിന്താഗതി വളര്‍ത്തുന്നത് അനുവദിക്കില്ലെന്നും സെനുല്‍ ആബിദീന്‍ അലി ഖാന് പറഞ്ഞു.
ഉദയ്പുര്‍ കൊലപാതകത്തില്‍ ജംഇയ്യത്തുല്‍ ഉലമ ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലനാ ഹകീമുദ്ദീന്‍ ഖാസിമിയും അപലപിച്ചു. ഒരു തരത്തിലും ന്യായീകരണമില്ലാത്ത കൊലപാതകമാണ് നടന്നിരിക്കുന്നത്. നാടിനും മതത്തിനും എതിരായ പ്രവൃത്തിയാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..