പട്‌ന: ബിഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്ന് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടിയ എച്ച്.എ.എം. നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. 

തിരഞ്ഞെടുപ്പില്‍ എച്ച്.എ.എം. മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാല് സീറ്റുകള്‍ നേടിയത് മികച്ച നേട്ടമാണെന്നും അദ്ദേഹത്തിന്റെ വസതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പുതിയ എം.എല്‍.എമാരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു. ജിതന്‍ റാം മാഞ്ചിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. 

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് എന്‍.ഡി.എയില്‍ ചേര്‍ന്ന് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാമെന്നും അദ്ദേഹം പറഞ്ഞു. 'നിതീഷ് കുമാര്‍ മുന്നോട്ടുവെയ്ക്കുന്ന വികസനകാഴ്ചപ്പാടുകള്‍ കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടില്‍നിന്ന് വിഭിന്നമല്ല. സംസ്ഥാനത്തിന്റെ താല്‍പര്യമനുസരിച്ചല്ലാത്ത വിഷയങ്ങളില്‍നിന്ന് അദ്ദേഹം മാറിനില്‍ക്കുന്നുമുണ്ട്. അതിനാല്‍ കോണ്‍ഗ്രസിന് എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളികളാവാം.' ജിതന്‍ റാം മാഞ്ചി പറഞ്ഞു. 

ഈ തിരഞ്ഞെടുപ്പില്‍ നാല് എച്ച്.എ.എം. സീറ്റുകളാണ് നേടിയത്. ഏഴ് സീറ്റുകളിലാണ് എച്ച്.എ.എം. മത്സരിച്ചത്. എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായി ബിഹാറിലെ ഇമാംഗഞ്ചില്‍ നിന്നാണ് ജിതന്‍ റാം മാഞ്ചി മത്സരിച്ചത്. സിറ്റിങ് എം.എല്‍.എ. ആയിരുന്ന ജിതന്‍ റാം 16000-ല്‍പ്പരം വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. 

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന്റെ വന്‍പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് മുഖ്യമന്ത്രി പദം താല്‍ക്കാലികമായി ഒഴിഞ്ഞപ്പോള്‍ മാഞ്ചി ബിഹാര്‍  മുഖ്യമന്ത്രി സ്ഥാനത്തെത്തിയിരുന്നു. പത്ത് മാസങ്ങള്‍ക്ക് ശേഷം നിതീഷ് തിരിച്ചെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ മാഞ്ചി തയ്യാറായില്ല. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്കും വഴങ്ങിയില്ല. തുടര്‍ന്ന് മാഞ്ചിയെ ജെ.ഡി.യുവില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് 2015-ലാണ് മാഞ്ചി എച്ച്.എ.എം രൂപീകരിച്ചത്. നിയമസഭതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എന്‍.ഡി.എയുമായി ധാരണയായതും സഖ്യത്തില്‍ ചേര്‍ന്നതും. 

Content Highlights: Won't Accept Ministerial Berth: Jitan Ram Manjhi After Meet With Party MLAs