പ്രതീകാത്മകചിത്രം | മാതൃഭൂമി
ഗാന്ധിനഗർ: പോക്സോ നിയമപരിധിയിൽ പെടുന്ന ലൈംഗിക പീഡനകേസുകളിൽ ജസ്റ്റിസ് പുഷ്പ ഗനേഡിവാല നടത്തിയ വിധിപ്രസ്താവങ്ങളിൽ പ്രതിഷേധിച്ച് 150 ഗർഭനിരോധന ഉറകൾ ജഡ്ജിക്ക് അയച്ചെന്നറിയിച്ച് ഗുജറാത്ത് സ്വദേശി. ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ പേരിൽ ജസ്റ്റിസിന്റെ ചേംബറുൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിലേക്ക് ഉറകൾ അയച്ചതായി ദേവശ്രീ ത്രിവേദിയെന്ന യുവതി അവകാശപ്പെട്ടു.
അനീതി പൊറുക്കാൻ തനിക്ക് സാധിക്കില്ലെന്നും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയ്ക്ക് ജഡ്ജിയുടെ വിധിപ്രസ്താവം കാരണം നീതി ലഭിക്കാതെ പോയെന്നും രാഷ്ട്രീയനിരീക്ഷകയെന്ന് സ്വയം പരിചയപ്പെടുത്തിയ ദേവശ്രീ ത്രിവേദി വ്യക്തമാക്കി. വിവാദ വിധിപ്രസ്താവം നടത്തിയ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സസ്പെൻഡ് ചെയ്യണമെന്നും ദേവശ്രീ ത്രിവേദി ആവശ്യപ്പെട്ടു.
ഫെബ്രുവരി ഒമ്പതിനാണ് താൻ പാക്കറ്റുകൾ അയച്ചതെന്നും ചിലയിടങ്ങളിൽ അവ കൈപ്പറ്റിയതായി തനിക്ക് വിവരം ലഭിച്ചതായും ദേവശ്രീ പറഞ്ഞു. തന്റെ പ്രവൃത്തിയിൽ ഒരു സ്ത്രീയെന്ന നിലയിൽ തെറ്റാണെന്ന് തോന്നലില്ലെന്നും കുറ്റബോധമില്ലെന്നും അവർ വ്യക്തമാക്കി. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി നില കൊള്ളണമെന്നും ജഡ്ജിയുടെ വിധിയെ അടിസ്ഥാനമാക്കി വസ്ത്രങ്ങളുടെ മുകളിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് പുരുഷൻമാർ തുനിയുമെന്നും ദേവശ്രീ ത്രിവേദി കൂട്ടിച്ചേർത്തു.
എന്നാൽ, ഇത്തരത്തിലുള്ള പാക്കറ്റ് ലഭിച്ചില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് രജിസ്ട്രി വ്യക്തമാക്കി. ദേവശ്രീയുടെ പ്രവൃത്തി കോടതിയലക്ഷ്യമാണെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാഗ്പുർ ബെഞ്ചിലെ മുതിർന്ന അഭിഭാഷകൻ ശ്രീരംഗ് ഭണ്ഡാർക്കർ പറഞ്ഞു.
2016 ഡിസംബറിൽ 39-കാരൻ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിന്റെ വിധി പറയവെയാണ് ഹൈക്കോടതി അഡിഷണൽ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ പ്രസ്താവന നടത്തിയത്. വസ്ത്രത്തിന് മുകളിലൂടെയാണ് പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതെന്നും നേരിട്ടുള്ള സ്പർശനം നടക്കാത്തതിനാൽ പോക്സോ നിയമമനുസരിച്ചുള്ള ലൈംഗികാതിക്രമം നടന്നതായി കരുതാനാവില്ലെന്നുമായിരുന്നു ജഡ്ജിയുടെ പ്രസ്താവന.
ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ പ്രസ്താവന വിവാദങ്ങളിലേക്കും വിമർശനങ്ങളിലേക്കും വഴിതെളിച്ചിരുന്നു. ഒരാഴ്ചക്കിടെ മൂന്ന് പോക്സോ കേസുകളിൽ വിവാദവിധി പുറപ്പെടുവിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. മുമ്പും ജസ്റ്റിസ് ഗനേഡിവാല ഉൾപ്പെട്ട ബെഞ്ചുകൾ പുറപ്പെടുവിച്ച വിധികൾ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
Content Highlights: Woman Sends 150 Condoms to Justice Pushpa Ganediwala to Protest Controversial POCSO Rulings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..