രേഖ ശർമയും ഭഗത് സിംഗ് കോഷിയാരിയും കൂടിക്കാഴ്ച നടത്തിയപ്പോൾ| Photo: twitter.com|MahaDGIPR
മുംബൈ: സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ വനിത കമ്മീഷന് അധ്യക്ഷ രേഖ ശര്‍മയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ 'ലൗ ജിഹാദ്' വിഷയം ചര്‍ച്ച ചെയ്തു. മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നതായി രേഖ ശര്‍മ ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനെതിരേ കടുത്ത വിമര്‍ശനമാണുയരുന്നത്.
മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്ന വിഷയം വനിത കമ്മീഷന് മേധാവി ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്ന് കമ്മീഷന്റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. പരസ്പര സമ്മതത്തോടെയുള്ള മിശ്രവിവാഹങ്ങളും ലൗ ജിഹാദും തമ്മിലുള്ള വ്യത്യാസം അവര്‍ എടുത്തുപറഞ്ഞു. രണ്ടാമത്തേതില്‍ ശ്രദ്ധ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
'ഞങ്ങളുടെ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വനിതാ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കോവിഡ് സെന്ററുകളില്‍ വനിതാ രോഗികളെ പീഡിപ്പിക്കല്‍, ബലാത്സംഗം, ലൗ ജിഹാദുകളുടെ വര്‍ധനവ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മഹാരാഷ്ട്ര ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു. "- വനിത കമ്മീഷന് ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇതിനെതിരേ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നത്. ഇത് അതിക്രൂരമാണെന്നും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളോടുള്ള ഭരണകൂട നിസംഗതയ്ക്കൊപ്പം അസഹിഷ്ണുതയും വളരുന്നുവെന്നുമാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവ് പ്രതികരിച്ചത്.
Content Highlights: Woman's Panel Chief Talks "Love Jihad" Cases With Maharashtra Governor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..