തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കാട്പാടി റെയിൽവേ സ്റ്റേഷനിൽനിന്ന് തീവണ്ടി കയറുന്നു
ചെന്നൈ: യാത്രക്കാരില്‍ ഒരാള്‍ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിയതിനെത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ യാത്ര വൈകി. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ എറണാകുളത്തുനിന്നു കയറിയ ജസ്മതിയാദേവി (38) യാണ് അബദ്ധത്തില്‍ അപായച്ചങ്ങല വലിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വെല്ലൂരിലെ രണ്ടുദിവസ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വ്യാഴാഴ്ച രാത്രി കാട്പാടിയില്‍നിന്ന് തീവണ്ടി കയറിയതിനു ശേഷമായിരുന്നു സംഭവം. ഉത്തരാഖണ്ഡിലേക്ക് പോകാനായി എറണാകുളത്തുനിന്നു കയറിയ ജസ്മതിയാദേവി സ്ലീപ്പര്‍ കോച്ചില്‍ മുകളിലെ ബെര്‍ത്തില്‍ കിടക്കുകയായിരുന്നു. താഴെയിറങ്ങുമ്പോള്‍ കാലുറപ്പിക്കാനായി അപായച്ചങ്ങലയുടെ പിടിയില്‍ ചവിട്ടിയപ്പോഴാണ് വണ്ടിനിന്നത്.
മുഖ്യമന്ത്രി കയറിയ വണ്ടി റാണിപ്പേട്ടിലെ മുകുന്ദരായപുരം റെയില്‍വേ സ്റ്റേഷനടുത്ത് അപ്രതീക്ഷിതമായി നിര്‍ത്തിയത് പരിഭ്രാന്തിക്കു കാരണമായി.
കുതിച്ചെത്തിയ റെയില്‍വേ അധികൃതര്‍ അപായച്ചങ്ങല വലിച്ചയാളെ കണ്ടെത്തുകയും 1000 രൂപ പിഴശിക്ഷ വിധിക്കുകയും ചെയ്തു. അപായച്ചങ്ങലയാണെന്ന് അറിയാതെയാണ് അതില്‍ ചവിട്ടിയതെന്ന് ജസ്മതിയാ ദേവി പറഞ്ഞു. അതേ വണ്ടിയില്‍ത്തന്നെ യാത്ര ചെയ്യാന്‍ അവരെ അനുവദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വണ്ടി ഏഴുമിനിറ്റുനേരം നിറുത്തിയിട്ടു.
വെല്ലൂരിനടുത്ത് പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 20 മിനിറ്റു വൈകി രാത്രി ഏഴുമണിക്കാണ് ധന്‍ബാദ് എക്‌സ്പ്രസ് കാട്പാടിയിലെത്തിയത്.
ജൊലാര്‍പേട്ടയില്‍ നിന്നെത്തിയ ഇന്‍സ്‌പെക്ഷന്‍ കോച്ചിലാണ് മുഖ്യമന്ത്രി കയറിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ വെല്ലൂരില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷമാണ് അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങിയത്.
Content Highlights: woman pulls alarm chain in train tamilnadu cm mk stalin's journey delayed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..