വൈ.എസ്. ശർമിള | Photo: ANI
ഹൈദരാബാദ്: തെലങ്കാനയിലെ കെ. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരേ ഹൈദരാബാദില്‍ വൈ.എസ്.ആര്. തെലങ്കാന പാര്‍ട്ടി നടത്തിയ പ്രതിഷേധറാലിക്കിടെ നാടകീയ സംഭവങ്ങള്‍. വൈ.എസ്.ആര്. പാര്‍ട്ടി നേതാവ് വൈ.എസ്. ശര്‍മിള കാറിനുള്ളിലിരിക്കവേ, അവരുടെ കാര്‍ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് തൂക്കിയെടുത്ത് കൊണ്ടുപോയി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയാണ് വൈ.എസ്. ശര്‍മിള.
ശര്‍മിളയെ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെയും നാടകീയസംഭവങ്ങളുണ്ടായി. കാറില്‍നിന്ന് ഇറങ്ങാന്‍ ശര്‍മിള വിസമ്മതിച്ചു. ഇതോടെ അവരുടെ എസ്.യു.വിയുടെ വാതില്‍ തുറക്കാന്‍ പൂട്ടുപൊളിക്കുന്നയാളെ കൊണ്ടുവരേണ്ടി വന്നു. ശര്‍മിളയെ കാണാന്‍ പുറപ്പെട്ട അവരുടെ അമ്മ വൈ.എസ് വിജയലക്ഷ്മിയെ ഹൈദരാബാദിലെ വസതിയില്‍ വീട്ടുതടങ്കലില്‍ ആക്കിയിട്ടുമുണ്ട്.
തിങ്കളാഴ്ച ശര്‍മിള നയിക്കുന്ന പദയാത്രയ്ക്കിടെ അവരുടെ അനുയായികളും ടി.ആര്.എസ്. പ്രവര്‍ത്തകരും തമ്മില്‍ വാറംഗലില്വെച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ കുറച്ചുസമയത്തേക്ക് ശര്‍മിളയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ, തലേദിവസത്തെ സംഘര്‍ഷത്തില്‍ കേടുപാടു സംഭവിച്ച ഒരു വാഹനം ഓടിച്ച് ചന്ദ്രശേഖര്‍ റാവുവിന്റെ ഔദ്യോഗികവസതിയില്‍ പ്രവേശിക്കാന്‍ ശര്‍മിള ശ്രമിക്കുകയായിരുന്നു. പോലീസ് ഇത് തടഞ്ഞു. തുടര്‍ന്ന് ശര്‍മിള ഉള്ളില്‍ ഇരിക്കവേ തന്നെ വാഹനം എസ്.ആര്. നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കെട്ടിവലിച്ചു.
പദയാത്രയ്ക്കും വൈ.എസ്.ആര്. പ്രവര്‍ത്തകര്‍ക്കും നേരെ ടി.ആര്.എസ്. പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ അപലപിച്ചും പ്രതിഷേധിച്ചുമാണ് ശര്‍മിള, ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലേക്ക് പോകാന്‍ ശ്രമിച്ചതെന്ന് വൈ.എസ്.ആര്. പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ശര്‍മിള ഉള്ളില്‍ ഇരിക്കവേ തന്നെ കാര്‍ ക്രെയിനുപയോഗിച്ച് കെട്ടിവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തില്‍ വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തെലങ്കാനയില്‍ ശര്‍മിള നയിക്കുന്ന വൈ.എസ്.ആര്. തെലങ്കാന പാര്‍ട്ടിയുടെ പദയാത്ര ഇതിനകം 3,500 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ വന്‍അഴിമതി നടത്തുകയാണെന്നാണ് ശര്‍മിള പദയാത്രയില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിന് പിന്നാലെ പദയാത്രയ്ക്ക് പോലീസ് താത്കാലികമായി അനുമതി നിഷേധിക്കുകയും പോലീസ് അകമ്പടിയോടെ ശര്‍മിളയെ ഹൈദരാബാദിലേക്ക് അയക്കുകയും ചെയ്തിരുന്നു.
Content Highlights: ys sharmila, sharmila's car towed away, police, trs supporters attacked sharmila's car, arrest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..