ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യൂണിഫോമിലുണ്ടായിരുന്ന വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് തോക്ക് കവര്‍ന്നെടുത്തതായി റിപ്പോര്‍ട്ട്. ഇത്രയേറെ ഗുരുതരമായ വിഷയമായിട്ടും പോലീസ് ഇതുവരെ കേസ് ഫയല്‍ ചെയ്തിട്ടില്ല എന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിഭാഷകര്‍ യൂണിഫോണില്‍ കൂട്ടത്തോടെ ആക്രമണം നടത്തിയപ്പോള്‍ രക്ഷപ്പെടാന്‍ പോലീസുകാര്‍ സ്വയം മുറിയില്‍ വാതിലുകള്‍ പൂട്ടിയിട്ട് അഭയം പ്രാപിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസുകാരനെ അഭിഭാഷകര്‍ നിലത്തിട്ട് കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ശനിയാഴ്ചത്തെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസുകാര്‍ നീതിക്കായി തെരുവിലിറങ്ങിയത്.
വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് അവരുടെ കൈയിലുണ്ടായിരുന്ന 9എംഎം സര്‍വീസ് പിസ്റ്റളാണ് തട്ടിയെടുത്തത്. വെടിയുണ്ടകള്‍ നിറച്ച നിലയിലായിരുന്നു തോക്ക്. എന്നാല്‍ ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. കേസെടുത്തിട്ട് കാര്യമില്ല, അവര്‍ സ്വയം പരിഹാസ്യയാവുകയേ ഉള്ളൂ എന്നാണ് സഹപ്രവര്‍ത്തകന്‍ അവരോട് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.
പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്നാണ് ശനിയാഴ്ച തിസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അഭിഭാഷകരെ സംരക്ഷിച്ചുകൊണ്ട് കോടതി ഇടപെട്ടപ്പോള്‍ പോലീസിന് നീതിക്ക് വേണ്ടി ഒരു ദിവസം മുഴുവന്‍ തെരുവില്‍ സമരം നടത്തേണ്ടി വന്നു. ഇതിന് ശേഷമാണ് 21 പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ഒരു കേസ് ഫയല്‍ ചെയ്തത്. അതേസമയം അഭിഭാഷകരുടെ പരാതിയില്‍ പോലീസിന് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു.
മൂന്ന് അഭിഭാഷകരോട് തെറ്റായ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യരുത് എന്ന് ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. പോലീസുകാരുടെ വാഹനങ്ങള്‍ അഭിഭാഷകര്‍ ആക്രമിക്കുന്നതും കത്തിക്കാന്‍ ശ്രമിക്കുന്നതും ഉള്‍പ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാര്‍ക്കിങ് വിലക്കിയ പോലീസുകാരനെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷക സംഘം പോലീസിന് നേരെ തിരിഞ്ഞത്. ഒടുവില്‍ പോലീസുകാരന്‍ യൂണിഫോം മാറ്റി ലോക്കപ്പില്‍ പ്രതികള്‍ക്കൊപ്പം ഇരുന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
സംഭവത്തില്‍ രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റവും രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷനും നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇത് സ്റ്റേ ചെയ്യാന്‍ കോടതി സമ്മതിച്ചതുമില്ല. അതോടെ പോലീസുകാര്‍ തെരുവിലിറങ്ങി സമരം തുടങ്ങി.
ബുധനാഴ്ച അഭിഭാഷകര്‍ സാകേത് കോടതിയുടെ ഗേറ്റുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.
Content highlights: woman officer who has alleged assault by lawyers at Tis Hazari court, not registered any complaint