ഹൈദരാബാദ്; ഭര്‍ത്താവിനെ കൊന്ന് കാമുകനുമായി ജീവിക്കാന്‍ ശ്രമിച്ച യുവതിയെ ആധാര്‍ കുടുക്കി. തെലങ്കാനയിലെ നഗര്‍കുര്‍നൂല്‍ ജില്ലയിലാണ് സംഭവം നടന്നത്. സ്വാതി എന്ന യുവതി തന്റെ ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കാമുകന്‍ രാജേഷിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയും മൃതദേഹം കാട്ടിനുള്ളില്‍ കത്തിച്ചുകളയുകയും ചെയ്തു. തിരിച്ചറിയാതിരിക്കാന്‍ സ്വാതി തന്റെ കാമുകനായ രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വാതി തന്റെ ഭര്‍ത്താവിന്റെ കുടുംബത്തെ വിളിച്ച് സുധാകര്‍ റെഡ്ഡിയുടെ മുഖത്ത് ആസിഡ് വീണുവെന്ന് അറിയിച്ചു. 

തുടര്‍ന്ന് ഇവര്‍ ആസിഡ് വീണ് പൊള്ളിയ മുഖത്തോടെയുള്ള കാമുകനെ ആശുപത്രിയിലാക്കുകയും പ്ലാസ്റ്റിക് സര്‍ജറി നടത്തിക്കുകയും ചെയ്തു. മുഖം സുധാകര്‍ റെഡ്ഡിക്ക് സമാനമാക്കാനായിരുന്നു പ്ലാസ്റ്റിക സര്‍ജറി നടത്തിയത്. എന്നാല്‍ സര്‍ജറിക്ക് ശേഷം പെരുമാറ്റത്തിലും ബന്ധുക്കളുമായി ഇടപഴകുമ്പോഴും സുധാകര്‍ റെഡ്ഡി അസാധാരണമായി പെരുമാറുന്നുവെന്ന കണ്ട ഇയാളുടെ കുടുംബം പോലീസിനെ സമീപിച്ചു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനായി ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. സുധാകറിന് പകരം ആള്‍മാറാട്ടം നടത്തി മകനെപ്പോലെ നടിക്കുന്നത് രാജേഷ് എന്നയാളാണെന്ന് ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

തെലുഗ് ചിത്രമായ 'യെവഡു'വില്‍ ഇതോപോലൊരു രംഗമുണ്ട്. അത് യഥാര്‍ത്ഥ ജീവിതത്തില്‍ ആവിഷ്‌കരിക്കുകയാണ് സ്വാതിയും രാജേഷും ചെയ്തത്. നവംബര്‍ 26 നാണ് സുധാകര്‍ റെഡ്ഡിയെ ഇവര്‍ ഇരുവരും കൊലപ്പെടുത്തുന്നത്. ഉറങ്ങിക്കിടക്കവെ തലക്കടിച്ചാണ് സുധാകറിനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം എന്തൊക്കെ ചെയ്യണമെന്ന് ഇവര്‍ വിശദമായ പദ്ധതിയും തയ്യാറാക്കി. തുടര്‍ന്നാണ് രാജേഷ് മുഖത്ത് ആസിഡ് പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഇതറിയാതെ ആസിഡ് വീണ് മുഖം പൊള്ളിയത് സുധാകര്‍ റെഡ്ഡിയാണെന്ന് അയാളുടെ കുടുംബം വിശ്വസിച്ചു. 

എന്നാല്‍ രാജേഷിന് സുധാകറായി പെരുമാറാന്‍ സാധിക്കാതെ വന്നതോടെ ഇവരുടെ പദ്ധതി പൊളിഞ്ഞു. രാജേഷും സ്വാതിയും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സുധാകറിന്റെ മൃതദേഹം മെയ്‌സമ്മ വനത്തില്‍ നിന്ന് പിന്നീട് പോലീസ് കണ്ടെടുത്തു.