ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവാവ് ബന്ദിയാക്കിയ വനിതാ മോഡലിനെ മോചിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഇവരെ ബന്ദിയാക്കിയ ഉത്തര്‍ പ്രദേശ് സ്വദേശി രോഹിത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച യുവതിയുടെ ഫ്‌ളാറ്റിനുള്ളില്‍ കടന്ന രോഹിത് അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയുമായിരുന്നു. യുവതിയെ താന്‍ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് രോഹിത് അവകാശപ്പെട്ടിരുന്നത്. പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ യുവതിയെ സ്വതന്ത്രയാക്കുവെന്ന നിലപാടായിരുന്നു രോഹിത് സ്വീകരിച്ചത്.

മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ആ സമയത്താണ് രോഹിത്തുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് രോഹിത്ത് യുവതിയെ സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. യുവതി ഫോണ്‍ എടുക്കാതായതോടെ വെള്ളിയാഴ്ച ഇയാള്‍ ഫ്‌ളാറ്റിലെത്തുകയും അകത്തുകടന്ന് കുറ്റിയിടുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Read more...ഭോപ്പാലില്‍ യുവാവ് മോഡലിനെ ബന്ദിയാക്കി; വിവാഹം കഴിക്കണമെന്ന് ആവശ്യം

content highlights: Woman model held hostage by man in Madhyapradesh Rescued