ശ്രീനഗര്‍: ജമ്മു കശ്മിരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക്‌സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ഷെല്‍ ആക്രമണമുണ്ടായത്. 

ലാഞ്ചൗട്ട് പ്രദേശവാസിയായ സലീമ ബി എന്ന 45കാരിക്കാണ് പരിക്കേറ്റത്. ഇവരുടെ വീടിനുസമീപത്ത് ഷെല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. രണ്ട് പശുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.  

ശനിയാഴ്ച രാവിലെ മുതല്‍ ബeലാകോട്ട് മേഖലയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും ഷെല്ലിങും വെടിവെപ്പും ആരംഭിച്ചിരുന്നു. മേഖലയിലെ നിരവധി വീടുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. 

രാത്രി 9 മണിയോടെ കരോള്‍ മാട്രൈ, ഫക്വീറ, ചന്ദ്വ എന്നീ മേഖലകളിലാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പുലര്‍ച്ചെയോടെയാണ് ആക്രമണം അവസാനിച്ചത്.