ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവമേഖലയായ ഒഡിഷയിലെ സിമിലിപാല്‍ ദേശീയോദ്യാനം രണ്ടാഴ്ചയായി മാധ്യമങ്ങളിലിടം പിടിച്ചത് പടര്‍ന്നു പിടിക്കുന്ന കാട്ടുതീയെ കുറിച്ചുള്ള ആശങ്കയുമായാണ്. ഞായറാഴ്ച അപ്രതീക്ഷിതമായെത്തിയ മഴയും മഞ്ഞുവീഴ്ചയും കാട്ടുതീയ്ക്ക് ശമനം നല്‍കിയ വാര്‍ത്ത നല്‍കിയ ആശ്വാസം തെല്ലൊന്നുമല്ല. എന്നാല്‍ അതിലേറെ ശ്രദ്ധ നേടിയ മറ്റൊന്നുണ്ട് സിമിലിപാലില്‍. 

പ്രതീക്ഷിക്കാതെ എത്തിയ മഴ സിമിലിപാലിലെ കാട്ടുതീ കുറയാന്‍ സഹായിച്ചതിന്റെ ആഹ്ലാദം പങ്കിടുന്ന സിമിലിപാല്‍ മേഖലയിലെ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ വീഡിയോ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയത്. തീ കുറയ്ക്കാനായുള്ള തന്റെ പ്രാര്‍ഥന കേട്ട് മഴ പെയ്യിച്ച ഈശ്വരന് ആര്‍ത്തു വിളിച്ച് നന്ദിയറിയിക്കുകയാണ് അവര്‍. ഇനിയും കൂടുതല്‍ മഴ പെയ്യിക്കൂവെന്ന് അവര്‍ അപേക്ഷിക്കുന്നുമുണ്ട്. തങ്ങള്‍ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ആളിപ്പടരുന്ന തീ കെടുത്താനാവില്ലെന്ന് അവര്‍ക്ക് നിശ്ചയമുള്ള പോലെ. 

'സഹായവുമായെത്തുന്ന ദൈവത്തിന്റെ കരങ്ങള്‍ പോലെയാണ് ഇത്തരം സന്ദര്‍ഭങ്ങളിലെ മഴ. സിമിലിപാലിലെ തീ കെടുത്താനുള്ള പോരാട്ടത്തിലായിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥയുടെ ആനന്ദം നിങ്ങള്‍ക്കിതില്‍ കാണാം' എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡെ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. 

നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തു. ദിവസത്തിന്റെ മുഴുവന്‍ സമയവും അഗ്നിശമനസേവനവുമായി സിമിലിപാലില്‍ കാണപ്പെട്ട സ്‌നേഹ ദയാല്‍ എന്ന ഉദ്യോഗസ്ഥയാണ് വീഡിയോയിലുള്ളതെന്ന് ആദ്യം വീഡിയോ പങ്കു വെച്ച ഡോക്ടര്‍ യുഗള്‍ കിഷോര്‍ മൊഹന്ത പറയുന്നു. ആ ഉദ്യോഗസ്ഥയുടെ ആനന്ദം തങ്ങള്‍ക്കും അനുഭവിക്കാനാവുന്നുണ്ടെന്ന് പലരും കമന്റ് ചെയ്തു. സ്‌നേഹ ദയാലിന് അഭിനന്ദങ്ങളുടെ പെരുമഴയാണിപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍. 

2,750 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് സിമിലിപാല്‍ ദേശീയോദ്യാനം. മേഖലയില്‍ കാട്ടുതീ വലിയ നാശനഷ്ടമുണ്ടാക്കിയതായാണ് വിവരം. കാട്ടുതീയില്‍ പെട്ട് നിരവധി ജീവജാലങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായും ഔഷധപ്രാധാന്യമുള്ള വൃക്ഷങ്ങളും സസ്യങ്ങളും നശിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

Content Highlights: Woman forest officer dances in joy as rain showers over Similipal after forest fire