ഹൈദരാബാദ്: ടി ആര്‍ എസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മര്‍ദനത്തിനിരയായ തെലങ്കാന വനം വകുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്. ആദിവാസി വനിതയാണ് വനംവകുപ്പ് ഉദ്യോഗസ്ഥ ചോലെ അനിതയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജൂണ്‍ മുപ്പതിനാണ് ചോലെ അനിതയെ ടി ആര്‍ എസ് നേതാവും സംഘവും ചേര്‍ന്ന് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സര്‍സാല സ്വദേശിനിയായ നയിനി സരോജയാണ് അനിതയ്ക്കും മറ്റ് 15 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നാണ് പരാതി. ഞായറാഴ്ചയാണ് പരാതി നല്‍കിയത്. മരത്തൈ നടല്‍ പദ്ധതിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ടി ആര്‍ എസ് നേതാവ് കൊനേരു കൃഷ്ണ റാവുവും സംഘവും അനിതയെ മര്‍ദിച്ചത്. 

നയിനി സരോജയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനിതയ്ക്കും മറ്റ് 15 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സത്യനാരായണയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തനിക്ക് എഫ് ഐ ആറിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചതെന്നും അനിത പറഞ്ഞു. താന്‍ ആരെയും അധിക്ഷേപിച്ച്  സംസാരിച്ചിട്ടില്ലെന്നും അനിത കൂട്ടിച്ചേര്‍ത്തു.

content highlights: woman forest officer beaten by trs leaders and gang booked