സാന്‍ഡല്‍പുര്‍: അയല്‍വാസിയായ പെണ്‍കുട്ടിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കിയതിന് 40കാരിയായ വീട്ടമ്മ അറസ്റ്റില്‍. ഗുജറാത്തിലെ സാന്‍ഡല്‍പുര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. കളവ് പറയുന്നതല്ലെന്ന് തെളിയിക്കാനാണ് 11 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയായ ലഖി മക്‌വാന ഉപദ്രവിച്ചത്.

മറ്റൊരു പുരുഷനുമായി സ്ത്രീ സംസാരിച്ച് നില്‍ക്കുന്നത് പെണ്‍കുട്ടി കണ്ടിരുന്നു. ഇത് മറ്റാരോടെങ്കിലും പറഞ്ഞോ എന്ന് സ്ത്രീ ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. എന്നാല്‍ പറയുന്നത് കള്ളമല്ലെന്ന് വിശ്വസിക്കണമെങ്കില്‍ തിളച്ച എണ്ണയില്‍ കൈ മുക്കണമെന്ന് ലഖി ആവശ്യപ്പെട്ടു.

പേടിച്ച് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ തിരക്കാനും സംഭവത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ യുവതി ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Content Highlights: Woman dipped girl`s hand in boiled oil