ലഖ്‌നൗ:  താമസിക്കുന്ന ഫ്‌ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് സുഹൃത്ത് തള്ളിയിട്ടതിനെ തുടര്‍ന്ന് യുവതി മരിച്ചു. വീഴ്ചയിലേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമായത്. ഗാസിയബാദിലെ ലോക് പ്രിയ വിഹാര്‍ കോളനിയില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. 

വീഴ്ചയെതുടര്‍ന്ന് ഇമ്രാന(35)യെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. യുവതിയുടെ ഭര്‍ത്താവ് മുര്‍ത്സയുടെ പരാതിയില്‍ ഷാഹിദ് എന്നയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

മുര്‍ത്സ ഉച്ചയ്ക്ക് രണ്ടു മണിയോടെ ജോലിസംബന്ധമായി പുറത്തു പോയതിനു ശേഷം ഇമ്രാനയും ഷാഹിദും ടെറസിലെത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസിനു ലഭിച്ച വിവരം. വഴക്കിനെ തുടര്‍ന്ന്  യുവതിയെ തള്ളിയിട്ട ശേഷം ഷഹീദ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. 

ഇമ്രാനയും മുര്‍ത്സയും ബീഹാറിലെ മുസാഫര്‍പുര്‍ സ്വദേശികളാണ്. ഇരുപതു ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ ഗാസിയാബാദിലെ ഫ്‌ളാറ്റില്‍ താമസിക്കാനാരംഭിച്ചത്. ദമ്പതിമാര്‍ക്ക് മൂന്നു കുട്ടികളുണ്ട്. 

ഇമ്രാനയും ഷാഹിദും സ്വകാര്യമായി കാണുന്നത് പതിവായിരുന്നുവെന്നും ഇതിഷ്ടമാകാതിരുന്നതിനാല്‍ താമസം മാറാന്‍ തീരുമാനിച്ചിരുന്നതായും മുര്‍ത്സ പരാതിയില്‍ പറഞ്ഞു. ഇമ്രാനയുടെ മൃതദേഹം പരിശോധനയ്ക്കയച്ചു. ഷഹീദിനായുള്ള അന്വേഷണം പോലീസ് വ്യാപകമാക്കി.