അലിഗഢ്: ചികിത്സയ്ക്കിടെ വായില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് സ്ത്രീ മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള ജെ.എന്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. 

വിഷം കഴിച്ച് അതിഗുരുതരാവസ്ഥയിലാണ് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നല്‍കി. ഇതേത്തുടര്‍ന്ന് കുഴല്‍ വായിലേക്കിറക്കി. തൊട്ടുപിന്നാലെയാണ് സ്ത്രീയുടെ വായില്‍ പൊട്ടിത്തെറിയുണ്ടായി അവര്‍ക്ക് മരണം സംഭവിച്ചത്. 

സ്ത്രീയെ ചികിത്സിക്കുന്നതിന്റെയും വായില്‍ പൊട്ടിത്തെറിയുണ്ടായതിന്റെയും ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞുണ്ട്. സ്ത്രീ സള്‍ഫ്യൂരിക്ക് ആസിഡാകാം കഴിച്ചതെന്നും ഇതും കുഴലിലെ ഓക്സിജനും തമ്മില്‍ സമ്പര്‍ക്കമുണ്ടായതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനയും നടത്തിയാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.  

Content Highlights: Woman Dies After Explosion In Mouth During Treatment in Hospital