അഗര്‍ത്തല: ദാമ്പത്യജീവിതത്തിലെ പല പ്രശ്‌നങ്ങളും ചിലപ്പോള്‍ വനിതാ കമ്മീഷനുകള്‍ക്ക് മുന്നില്‍ പരാതിയായി എത്താറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവ് കിടപ്പുമുറിയില്‍ സിസിടിവി ക്യാമറ വെച്ചിരിക്കുന്നുവെന്ന പരാതിയുമായി തൃപുരയില്‍ ഒരു യുവതി അവിടുത്തെ വനിതാ കമ്മീഷന് മുന്നിലെത്തി. വിഷയം ഗൗരവതരമെന്ന് കണ്ട് ഭര്‍ത്താവിനെ വിളിച്ചുവരുത്തിയെങ്കിലും സിസിടിവി വെച്ചതിനെ ന്യായീകരിക്കാന്‍ അയാള്‍ പറഞ്ഞ മറുവാദം കേട്ട് കമ്മീഷന്‍ ഞെട്ടി. കിടപ്പുമുറിയില്‍ സിസിടിവി വെക്കേണ്ടിവന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഇയാള്‍ വനിതാ കമ്മീഷനോട് പറഞ്ഞത്. 

കിടപ്പുമുറിയില്‍ ക്യാമറ വെച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ രണ്ട് കട്ടിലുകളിലാണ് കിടക്കുന്നതെന്നും താന്‍ കിടക്കുന്ന ഭാഗത്തേക്ക് മാത്രമാണ് അത് ഫോക്കസ് ചെയ്തിരിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

വെസ്റ്റ് തൃപുര ജില്ലയിലുള്ള സാധുടില്ല ഗ്രാമത്തില്‍ നിന്നുള്ള രത്‌ന പൊദ്ദറാണ് പരാതിക്കാരി. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ ചന്ദന്‍ കാന്തി ധര്‍ എന്നയാളെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായി പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു.

ഒടുവില്‍ പാരമ്പര്യമായി കിട്ടിയ ഭൂമി വിറ്റ് യുവതിയുടെ കുടുംബം രണ്ടുലക്ഷത്തോളം രൂപ ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയെങ്കിലും മാനസിക പീഡനം തുടര്‍ന്നു. ഇതിനിടെ ബന്ധത്തിലുള്ള മറ്റൊരു യുവതിയുമായി ഭര്‍ത്താവ് അവിഹിത ബന്ധം പുലര്‍ത്തുന്നതായി മനസിലാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് കിടപ്പുമുറിയില്‍ സിസിടിവി ക്യാമറ വെച്ചതെന്നാണ് യുവതി വനിതാ കമ്മീഷനോട് പറഞ്ഞിരിക്കുന്നത്.

വീട്ടില്‍ മുഴുവന്‍ ക്യാമറ വെച്ചിരിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. വീട്ടിലേക്ക് കയറുന്നിടം, ഇടനാഴി, വീട്ടിലെ കിടപ്പുമുറികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ക്യാമറ വെച്ചിരിക്കുന്നത്. ഇതിന്റെ മോണിറ്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഭര്‍ത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി പറയുന്നു. വിഷയത്തില്‍  ഗാര്‍ഹിക പീഡനനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. 

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ചന്ദന്‍ കാന്തി ധര്‍ നിഷേധിക്കുന്നു. ഭാര്യയോട് സ്ത്രീധനം ആവശ്യപ്പെടുകയോ അതിന്റെ പേരില്‍ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും ഇയാള്‍ പറയുന്നു. 

ഏതായാലും രണ്ടുപേരുടെയും വാദങ്ങള്‍ കേട്ട കമ്മീഷന്‍ പിരിഞ്ഞുതാമസിക്കുന്നത് പുനഃപരിശോധിക്കാന്‍ 45 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ മാസം 3000 രൂപ ഭാര്യയ്ക്ക് ജീവനാംശം നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കടപ്പാട് - The Indian Express

Content Highlights: A woman from Tripura has moved the state women’s commission against her husband for installing CCTVs in the house