ചെന്നൈ: ദളിത് എം.എല്‍.എയെ വിവാഹം ചെയ്ത 19 കാരിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. യുവതിക്ക് ഭര്‍ത്താവിനൊപ്പം പോകാമെന്നും കോടതി അറിയിച്ചു. ഈയാഴ്ച ആദ്യമാണ് സൗന്ദര്യ എന്ന ബ്രാഹ്‌മണ യുവതിയും 35കാരനും എ.ഐ.എ.ഡി.എം.കെഎ. എം.എല്‍.എയുമായ എ. പ്രഭുവും തമ്മിലുള്ള വിവാഹം നടന്നത്. 

ഇതിനു പിന്നാലെ വലിയ വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന് സൗന്ദര്യയുടെ പിതാവ് സ്വാമിനാഥന്‍, മകളെ പ്രഭു തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ കല്ലകുറിച്ചി മണ്ഡലത്തെയാണ് പ്രഭു പ്രതിനിധീകരിക്കുന്നത്. 

ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യപ്പെടുന്നതെന്ന് പറഞ്ഞ സൗന്ദര്യ, തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും കോടതിയില്‍ പറഞ്ഞു. തങ്ങള്‍ ഇരുവരും പ്രായപൂര്‍ത്തി ആയവരാണെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രണയത്തിലാണെന്നും പറയുന്ന വീഡിയോകള്‍ സൗന്ദര്യയും പ്രഭുവും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഉഭയസമ്മത പ്രകാരമാണ് വിവാഹിതരായതെന്നും വ്യക്തമാക്കിയിരുന്നു. 

പത്തുവര്‍ഷത്തോളമായി പ്രഭുവിനെ തന്റെ വീട്ടുകാര്‍ക്ക് അറിയാമെന്നാണ് സൗന്ദര്യ പറയുന്നത്. താനും പ്രഭുവും വിവാഹിതരാകുന്നതിനു മുന്‍പു വരെ പ്രഭുവിന് വീടുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും സൗന്ദര്യ പറയുന്നു. സൗന്ദര്യയെ വിവാഹം കഴിച്ചു നല്‍കാന്‍ പ്രഭുവും കുടുംബവും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സ്വാമിനാഥനും ഇവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായതെന്നാണ് വിവരം.

അതേസമയം, പ്രഭുവും സൗന്ദര്യയും തമ്മിലുള്ള വിവാഹത്തെ വിശ്വാസ വഞ്ചനയെന്നാണ് സ്വാമിനാഥന്‍ വിശേഷിപ്പിക്കുന്നത്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകും മുന്‍പേ പ്രഭു അവളുമായി ബന്ധം സ്ഥാപിച്ചുവെന്നും കെണിയില്‍ വീഴ്ത്തിയെന്നും സ്വാമിനാഥന്‍ ആരോപിച്ചു. നാലുവര്‍ഷമായി പ്രഭു മകളുമായി പ്രണയത്തിലാണെന്നും ബന്ധം ആരംഭിച്ചത് സൗന്ദര്യക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പാണെന്നും സ്വാമിനാഥന്‍ കോടതിയില്‍ പറഞ്ഞു. സൗന്ദര്യ പ്രഭുവിന്റെ നിയന്ത്രണത്തിലാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. 

സൗന്ദര്യയുടെയും പ്രഭുവിന്റെയും വിവാഹത്തെ താന്‍ എതിര്‍ക്കാനുള്ള കാരണം ജാതിയല്ലെന്നും പ്രായവ്യത്യാസമാണെന്നും നേരത്തെ സ്വാമിനാഥന്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതി മുന്‍പാകെ ഇക്കാര്യം പറഞ്ഞില്ല. 

content highlights: woman can go with her mla husband, madras high court dismisses her father's allegation