പ്രയാഗ് രാജ്: വിവാഹവേദിയില്‍ വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലാണ് സംഭവം.  

വിവാഹ ദിവസം വരനും സുഹൃത്തുക്കളും മദ്യപിച്ചാണ് വേദിയിലെത്തിയത്. വരന്റെയും സുഹൃത്തുക്കളുടെയും അഭിപ്രായപ്രകടനങ്ങള്‍ തുടക്കത്തില്‍ വധുവും വീട്ടുകാരും അവഗണിച്ചു. എന്നാല്‍ ജയമാല ചടങ്ങിന് മുമ്പായി വധുവിനെ നൃത്തം ചെയ്യുന്നതിനായി വരന്‍ നിര്‍ബന്ധിച്ചതോടെയാണ് സാഹചര്യം വഷളായത്.

നൃത്തം ചെയ്യാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതോടെ വരന്‍ അസ്വസ്ഥനാകുകയും ബഹളം വെയ്ക്കുകയും ചെയ്തു. വരന്റെ പെരുമാറ്റത്തില്‍ പ്രകോപിതയായ ഇരുപത്തിരണ്ടുകാരിയായ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തങ്ങള്‍ തന്ന പണവും മറ്റു സമ്മാനങ്ങളും തിരികെ ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ വരനേയും കുടുംബത്തേയും തടഞ്ഞുവെക്കുകയും ചെയ്തു. 

തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി പോലീസിനെ വിളിച്ചുവരുത്തി. എന്നാല്‍ പോലീസുകാര്‍ ഇടപെട്ടപ്പോഴും മദ്യപാനിയായ വരനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു. 

വധുവിന്റെ കുടുംബത്തിന് പണവും മറ്റും തിരികെ നല്‍കാമെന്ന് പിന്നീട് വരന്റെ വീട്ടുകാര്‍ സമ്മതിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കാനായത്.

Content Highlights: Woman calls off wedding because of drunkard gromm