നീലഗിരി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണത് ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ്. ദുരന്തത്തില്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. നിലംപതിച്ച് നിമിഷങ്ങള്‍ക്കകം ഹെലിക്കോപ്ടര്‍ പൊട്ടിത്തെറിച്ചെന്നും രണ്ടുപേര്‍ക്കു മാത്രമാണ് ആ സമയത്ത് ജീവനുണ്ടായിരുന്നതെന്നും അപകടസ്ഥലത്ത് ആദ്യമെത്തിയവരില്‍ ഒരാളായ കടശി ശിവകുമാര്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. 

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നഞ്ചപ്പ ഛത്രത്തിന് സമീപം ഒരു ഹെലികോപ്ടര്‍ വീണതായി വിവരം ലഭിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ അവിടേക്ക് പോയി. അവിടെയെത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ഹെലിക്കോപ്ടറിന്റെ അടുത്തുചെന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ ജീവനോടെ ഉണ്ടായിരുന്നു. തീപ്പൊള്ളലേറ്റ അവരുടെ സ്ഥിതി ഗുരുതരമായിരുന്നെങ്കിലു ജീവനുണ്ടായിരുന്നു. ഇവരെ അഗ്നിരക്ഷാസേന വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന 12 പേരും മരിച്ച നിലയിലായിരുന്നു, ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ആ സമയത്ത് പ്രദേശത്ത് കനത്തമൂടല്‍മഞ്ഞുണ്ടായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു. മേഖലയില്‍ വീടുകളുണ്ടായിരുന്നെങ്കിലും അവയ്ക്കു മീതേയല്ല ഹെലിക്കോപ്ടര്‍ വീണത്. നാലഞ്ച് മരങ്ങളില്‍ ഇടിച്ചാണ് ഹെലിക്കോപ്ടര്‍ താഴേക്ക് വീണത്. നിലംപതിച്ചതിന് തൊട്ടുപിന്നാലെ ഹെലിക്കോപ്ടര്‍ പൊട്ടിത്തെറിച്ചു. നിരവധിപ്പേര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കിലും സൈനിക-പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയതെന്നും ശിവകുമാര്‍ പറഞ്ഞു.  

content highlights: witness recounts nilgiri helicopter crash which killed bipin rawat and 12 others