വാരണാസി: യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈമാസം 12-ന് വാരാണസിയില്‍ ബിജെപി നേതാക്കള്‍ക്കായി 'ഇലക്ഷന്‍ മാസ്റ്റര്‍ക്ലാസ്' നടത്തും. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായാണ് ഉത്തര്‍പ്രദേശ് ബിജെപി നേതൃത്വത്തിലെ 700 ഓളം നേതാക്കള്‍ക്കായി ക്ലാസ് സംഘടിപ്പിക്കുന്നത്.

98 ജില്ലാ പ്രസിഡന്റുമാര്‍, അത്രതന്നെ ജില്ലാ ഭാരവാഹികള്‍, 403 നിയമസഭാ സീറ്റുകളുടെയും ചുമതലയുള്ളവര്‍, സംസ്ഥാനത്തെ ആറ് പ്രാദേശിക പ്രസിഡന്റുമാര്‍, മുതിര്‍ന്ന പ്രവര്‍ത്തകര്‍, സഹ ഭാരവാഹികള്‍ എന്നിവര്‍ക്കുവേണ്ടി നവംബര്‍ 12-ന് വാരാണസിയില്‍ യോഗം വിളിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ബിജെപി വൈസ് പ്രസിഡന്റ് വിജയ് ബഹാദൂര്‍ പഥക്കിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്,  ഉപമുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ധര്‍മേന്ദ്രപ്രധാന്‍ അടക്കമുള്ളവരും വാരാണാസിയില്‍ എത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടിയുടെ സുപ്രധാന യോഗമാണിതെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാകുന്നത്. 

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ 'പരിവര്‍ത്തന്‍ യാത്ര' അടുത്ത മാസം മുതല്‍ ആരംഭിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 13 ന് അഖിലേഷ് യാദവിന്റെ മണ്ഡലമായ അസംഗഢിലേക്ക് അമിത് ഷാ റാലിക്കായി പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: With UP Polls Round the Corner, Amit Shah to Hold Election Masterclass for 700 BJP Leaders in Varanasi