ബെംഗളൂരു: പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വിജയിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന 'ജനാശിര്‍വാദ യാത്ര'യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

പ്രാദേശികവും വ്യക്തിപരവുമായ വ്യത്യസ്താഭിപ്രായങ്ങള്‍ക്ക് ഉപരിയായി വ്യത്യസ്ത കക്ഷികളുടെ സഖ്യമുണ്ടാക്കാനായാല്‍ ഇപ്പോഴത്തെ ഭരണം നിലംപൊത്തുമെന്ന് രാഹുല്‍ ഗാന്ധി വിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ സഖ്യം ഒരു പ്രത്യേക ഘട്ടമെത്തിയാല്‍ പിന്നെ ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട. എസ്പിയും ബിഎസ്പിയും ബിജെപിക്ക് എതിരായി നിലയുറപ്പിച്ചാല്‍ വാരണാസി സീറ്റു പോലും മോദിക്ക് നഷ്ടപ്പെടും- രാഹുല്‍ ഗാന്ധി പറഞ്ഞു.

വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളെയും നേതാക്കളെയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. ദുരഭിമാനമുള്ളവരോ ജനങ്ങളെ അടിച്ചമര്‍ത്തുന്നവരോ ജനങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നവരോ അല്ല കോണ്‍ഗ്രസുകാര്‍. മോദിയും ആര്‍എസ്എസും ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്ന താറുമാറായ അവസ്ഥയില്‍നിന്ന് രാജ്യത്തെ എങ്ങനെ കരകയറ്റാം എന്നതാണ് മുന്നിലുള്ള സുപ്രധാനമായ പ്രശ്‌നമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി തുടങ്ങിയ വ്യത്യസ്ത കക്ഷികള്‍ ബിജിപിക്ക് എതിരായ നിലപാട് സ്വീകരിച്ചാല്‍ ബിജെപിക്ക് എവിടെയാണ് സീറ്റ് നേടാനാവുകയെന്നും ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ചോദിച്ചു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവടങ്ങളിലും ഇത്തരം സഖ്യങ്ങള്‍ സാധ്യമാണ്. കഴിഞ്ഞ കാലങ്ങളിലൊന്നും കാണാത്ത ഒരു രാഷ്ട്രീയ നീക്കമായിരിക്കും ഇനി ഉണ്ടാവാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: United Opposition, Modi Lose Varanasi Seat, Rahul Gandhi, 2019 election