ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ പാര്‍ലമെന്റിന്റെ പ്രതിരോധ സമിതി ഗാല്‍വന്‍ താഴ്‌വരയും കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകവും സന്ദര്‍ശിക്കും. എന്നാല്‍ തന്ത്രപ്രധാന സ്ഥലങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് സൂചന.
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജുവന്‍ ഒറാം അധ്യക്ഷനായ സമിതിയില്‍ രാഹുല്‍ ഗാന്ധി, ശരത് പവാര്‍, സഞ്ജയ് റാവത്ത് എന്നിവരും അംഗങ്ങളാണ്. 30 അംഗ സമിതി മെയ് അവസാന വാരമോ ജൂണിലോ കിഴക്കന്‍ ലഡാക്ക് പ്രദേശം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
സമിതിയുടെ ഏറ്റവും പുതിയ യോഗത്തിലാണ് ഗാല്‍വന്‍ താഴ്‌വരയും പാംഗോങ് തടാകവും സന്ദര്‍ശിക്കാനുള്ള തീരുമാനം എടുത്തത്. പക്ഷേ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സമിതിയുടെ ലഡാക്ക് സന്ദര്‍ശനം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി അനുസരിച്ചായിരിക്കുമെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ, ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി ഭീരുവാണെന്നും ചൈനയ്ക്കെതിരായി നിലപാടെടുക്കാന്‍ തയ്യാറാവുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളില്‍നിന്ന് ഇന്ത്യയും ചൈനയും ബുധനാഴ്ച മുതല്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം.
Content Highlights: With RaGa, Pawar and Sanjay Raut as Members, Parl Panel on Defence to Visit Galwan Valley, Pangong Tso
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..