കൊല്‍ക്കത്ത: സംസ്ഥാനത്തെത്തി തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നവര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ പോലെ ഡല്‍ഹിയില്‍ നിന്നെത്തുന്ന വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

താന്‍ തന്റെ പെയിന്റിങുകള്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്നുവെന്നാണ് ഒരു പൊതുപരിപാടിക്കെത്തിയപ്പോള്‍ അമിത് ഷാ ആരോപിച്ചത്. ഇത് തെളിയിക്കാന്‍ അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വെല്ലുവിളിക്കുകയാണ്. തെറ്റായ ആരോപണം ഉന്നയിച്ച അമിത് ഷാ അടക്കമുള്ളവര്‍ക്കെതിരേ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു സംസ്ഥാനത്ത് ഒരു പരിപാടിക്കെത്തിയ അമിത് ഷാ മമതാ ബാനര്‍ജിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മമത.

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര പദ്ധതി കോപ്പിയടിച്ചെന്നാണ് മറ്റൊരു ആരോപണം. ഇതും തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 2013-ല്‍ പെണ്‍കുട്ടികള്‍ക്കായി കന്യാശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചു. അതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ബേഠി ബച്ചാവോ പദ്ധതി ആരംഭിച്ചത്. രണ്ടും താരതമ്യപ്പെടുത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് ചെലവഴിക്കുന്നത് പിച്ചക്കാശാണെന്ന് വ്യക്തമാവും. കന്യാശ്രീ പദ്ധതിക്ക് 7000 കോടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുമ്പോള്‍ 100 കോടി മാത്രമാണ് ബേഠി ബച്ചാവോ പദ്ധതിക്ക് ചെലവഴിക്കുന്നത്. അതായത് ഒരു പെണ്‍കുട്ടിക്ക് മൂന്ന് പൈസമാത്രം. ഇത്തരക്കാരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മമത പറഞ്ഞു. 

സംസ്ഥാനത്ത് ദുര്‍ഗാ പൂജയും സരസ്വതി പൂജയും നടത്തുന്നില്ലെന്നാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ആയിരത്തോളം ദുര്‍ഗാ പൂജയും സരസ്വതീ പൂജയും നടത്തി കഴിഞ്ഞു. അല്ലെന്ന് തെളിയിച്ചാല്‍ ഞാന്‍ രാഷ്ട്രീയം വിടാം. മറിച്ചാണെങ്കില്‍ നിങ്ങള്‍ രാഷ്ട്രീയം വിടുമോയെന്നും മമത ചോദിച്ചു.