ന്യൂഡല്‍ഹി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ എയര്‍ ഇന്ത്യയുടെ ഓഹരിയും ടാറ്റ ഗ്രൂപ്പിന് ലഭിച്ചേക്കും. മൂന്ന് ശതമാനം ഓഹരിയാണ് എയര്‍ ഇന്ത്യക്ക് വിമാനത്താവള കമ്പനിയില്‍ ഉള്ളത്. ഓഹരി കൈമാറ്റം പൂര്‍ണ്ണമാകുന്നതോടെ വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വില്‍പ്പന കരാര്‍ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയര്‍ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവര്‍ക്ക് കൈമാറ്റം ചെയ്യപ്പെടും. ടാറ്റക്ക് കൈമാറ്റം ചെയ്യപ്പെടാത്ത എയര്‍ ഇന്ത്യയുടെ ആസ്തികള്‍ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ്സ് ലിമിറ്റഡിലേക്ക് മാറ്റുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹോട്ടല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ്, എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് എന്നീ സ്ഥാപനങ്ങളിലെ എയര്‍ ഇന്ത്യയുടെ ഓഹരി എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ്സ് ലിമിറ്റഡിലേക്ക് മാറ്റാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ എയര്‍ ഇന്ത്യയുടെ ഓഹരി ടാറ്റ ഗ്രൂപ്പിന് കൈമാറും എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

45 കോടി രൂപയാണ് എയര്‍ ഇന്ത്യ കൊച്ചി വിമാനത്താവള കമ്പനിയില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്രചെയ്യുന്ന ആകെ യാത്രക്കാരില്‍ പതിനഞ്ച് ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സഞ്ചരിക്കുന്നത്. കോവിഡ് കാലത്ത് വിമാനത്താവളം നഷ്ടത്തില്‍ ആയിരുന്നെങ്കിലും 2019 -20 വര്‍ഷത്തില്‍ വിമാനത്താവളത്തിന്റെ ലാഭം 215 കോടി രൂപ ആയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഹഡ്കോ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആകെ പത്ത് ശതമാനത്തോളം ഓഹരിയാണ് കൊച്ചി വിമാനത്താവളത്തില്‍ ഉള്ളത്. 

ഇന്ത്യയില്‍ വിമാന കമ്പനികള്‍ക്ക് വിമാത്താവളത്തിന്റെ ഓഹരി ഉടമ ആകുന്നതില്‍ നിയമപരമായി തടസ്സം ഇല്ല. എന്നാല്‍ ഇത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകാന്‍ പോകുന്നത്. നിലവില്‍ മൂന്ന് ശതമാനം ഓഹരി മാത്രമാണ് ടാറ്റ ഗ്രൂപ്പിന് ലഭിക്കുന്നതെങ്കിലും ഭാവിയില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചേക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വില്‍പ്പന കരാര്‍ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയര്‍ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവര്‍ക്ക് കൈമാറ്റം ചെയ്യപ്പെടും.