ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മൂന്നാംഘട്ട ലോക്ക്ഡൗണ്‍ രാജ്യത്ത് തുടരുന്നതിനിടെ എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ത്രിപുരയിലെ ധലായ് ജില്ല ഒഴിച്ചുനിര്‍ത്തിയാല്‍ എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ ഒന്നില്‍പ്പോലും റെഡ് സോണുകളില്ല. 

മേഘാലയയിലെ ഒന്നും അസമിലെ നാലും ജില്ലകള്‍ ഓറഞ്ച് സോണിലാണ്. മറ്റെല്ലാ ജില്ലകളും ഗ്രീന്‍ സോണിലും. 24 ബിഎസ്എഫ് ജവാന്മാരും അവരുടെ കുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ക്കും കൊറോണ വൈറസ്  ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ത്രിപുരയിലെ അംബാസ ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

കേന്ദ്രത്തിന്റെ അനുമതിയോടെ അസമിലെ തേയില തോട്ടങ്ങള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം ഏപ്രില്‍ മധ്യത്തില്‍തന്നെ തുടങ്ങിയിരുന്നു. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രണങ്ങളോടെ തിങ്കള്‍, ചൊവ്വ ദിവങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. അസമിലെയും മേഘാലയയിലെയും മദ്യക്കടകളും മൊത്തക്കച്ചവട ഗോണൗണുകളും ഏപ്രില്‍ 13 ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ തിങ്കളാഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങി. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും മിക്ക വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും തുടങ്ങിക്കഴിഞ്ഞു. 

ത്രിപുര ഒഴികെയുള്ള എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങി. 25 ശതമാനം മുതല്‍ 50 ശതമമാനം വരെ യാത്രക്കാരുമായാണ് പൊതുഗതാഗതം അനുവദിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം വ്യാഴാഴ്ചയോടെ പൊതുഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. 

അസമില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ഗ്രീന്‍ സോണുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച 42 പേരില്‍ 31  പേരും ആശുപത്രിവിട്ടു. ഒരാള്‍ മരിച്ചു. അസമിലെ 33 ശതമാനം കടകള്‍ക്കും മറ്റ് വ്യാപാര സ്ഥാപനങ്ങള്‍കക്കും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. മണിപ്പൂരിലെ ഗ്രീന്‍ സോണുകളിലെല്ലാം കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ചന്തകള്‍ക്കും രാവിലെ ആറു മുതല്‍ പത്ത് മണിക്കൂര്‍ പ്രവര്‍ത്തിക്കാം. അരുണാചല്‍ പ്രദേശിലെ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ തുറക്കാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.

Content Highlights: With 99% non-red zones, NE states crawling back to normalcy