ന്യൂഡല്‍ഹി: പാക് പിടിയില്‍നിന്ന് തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അഭിനന്ദന്‍ വര്‍ത്തമന്‍ ശനിയാഴ്ച രാവിലെയാണ് വ്യോമസേന മേധാവി ബി.എസ്. ധനോവയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്താന്‍ കസ്റ്റഡിയിലകപ്പെട്ടതും അവിടെ സംഭവിച്ചതുമെല്ലാം അഭിനന്ദന്‍ വിശദീകരിച്ചു. പാക് കസ്റ്റഡിയില്‍ മണിക്കൂറുകള്‍ കഴിഞ്ഞ അഭിനന്ദന്‍ കസ്റ്റഡി അനുഭവങ്ങളെല്ലാം വ്യോമസേന മേധാവിയോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അഭിനന്ദനെ നേരത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. 

അതേസമയം ഡല്‍ഹിയില്‍ തുടരുന്ന വിങ് കമാന്‍ഡന്‍ അഭിനന്ദന്‍ വര്‍ത്തമന്‍ എയര്‍ഫോഴ്‌സ് ഓഫീസേഴ്‌സ് മെസ്സിലായിരിക്കും തങ്ങുകയെന്നും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ശത്രുകളുടെ പിടിയിലകപ്പെടുകയും ക്ലേശകരമായ സാഹചര്യങ്ങള്‍ നേരിടുകയും ചെയ്തതിനാല്‍ അദ്ദേഹത്തെ വിശദമായ ചോദ്യംചെയ്യലിനും മന:ശാസ്ത്ര പരിശോധനയ്ക്കും വിധേയനാക്കിയേക്കുമെന്നാണ് സൂചന. 

ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ മിഗ് വിമാനം തകര്‍ന്ന് പാകിസ്താന്റെ പിടിയിലായത്. ഏകദേശം അറുപത് മണിക്കൂറുകള്‍ പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയിലായിരുന്ന അഭിനന്ദനെ കഴിഞ്ഞദിവസം രാത്രിയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. 

Content Highlights: wing commander abhinandan varthaman meets indian air force chief