-
മുംബൈ: രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന കനത്തമഴയ്ക്കിടയിൽ മുംബൈയിൽ ദുരിതം വിതച്ച് ശക്തമായ കാറ്റും. മുംബൈയിലെ കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു.
60.70 കിലോമീറററിൽ വീശിയ കാറ്റ് അഞ്ചുമണിയോടെ 107 കിലോമീറ്റർ വേഗത കൈവരിക്കുകയായിരുന്നു. അടുത്തിടെ മുംബൈ അഭിമുഖീകരിച്ച നസർഗ ചുഴലിക്കാറ്റിനേക്കാൾ തീവ്രതയോടെയാണ് കാറ്റുവീശിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാറ്റിന്റെ വേഗതയിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ കീഴ്മേൽ മറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
പ്രകൃതിക്ഷോഭം കണക്കിലെടുത്ത് ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയും സിറ്റി പോലീസും നിർദേശിച്ചിട്ടുണ്ട്. കനത്തമഴ ഇന്നുരാത്രി കൂടി തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ പുലർച്ചയോടെ മഴകുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് മുതൽ വാഷി വരേയും താനെയിലേക്കുളള പ്രധാനപാതകളിലും ട്രെയിൻ സർവീസ് താല്കാലികമായി നിർത്തിവെച്ചതായി റെയിൽവേ ട്വീറ്റ് ചെയ്തു.
മുംബൈയിലെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ ഓഫീസ് അറിയിച്ചു. 'എല്ലാവരോടും വീടുകൾക്കുളളിൽ തന്നെ കഴിയാൻ നിർദേശിക്കുകയാണ്. നമുക്ക് കാണാൻ സാധിക്കുന്നതുപോലെ മുംബൈ കനത്തമഴയും ശക്തിയായ കാറ്റും നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും പ്രത്യേകിച്ച് ഈ പ്രകൃതിക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് സുരക്ഷിതരായിരിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. നിങ്ങൾഎവിടെയാണോ അവിടെ തുടരുക.' ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.
Content Highlights:Wind speed of 60-70 km/ph & up to 107 km/ph reported in Mumbai today.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..