പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ തിരഞ്ഞെടുപ്പിന്റെ ചുമതലയുളളയാളാണ് പി ചിദംബരം. 

"ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാര്യം പറയട്ടെ, ഗോവ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിക്കും. 2007ല്‍ ഗോവയില്‍ കോണ്‍ഗ്രസ് ജയിച്ചു. അതിനു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. 2012ല്‍ കോണ്‍ഗ്രസ് ഗോവയില്‍ പരാജയപ്പെട്ടു. പിന്നാലെ 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 2017ല്‍ ഗോവയില്‍ പരാജയപ്പെട്ടു, 2019ലെ പൊതുതിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. അതാണ് ചരിത്രം. എന്നാല്‍ 2022ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗോവയില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. ആ ധൈര്യത്തിലും ആത്മവിശ്വാസത്തിലുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്"അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2022ല്‍ അധികാരം നേടി കോണ്‍ഗ്രസ് ഗോവയുടെ സുവര്‍ണകാലഘട്ടത്തെ തിരിച്ചുകൊണ്ടുവരും. ഗോവയെ ഗോവക്കാര്‍ തന്നെ ഭരിക്കും. രാഷ്ട്രീയ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

2017ല്‍ ഗോവയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടികളുമായും സ്വതന്ത്രരുമായും സഖ്യം ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുകയായിരുന്നു. സംസ്ഥാനത്തെ 40 അംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് നാല് എംഎല്‍എമാരാണുള്ളത്.  

Content Highlights: Win In 2022 Goa Polls Would Mean Win In 2024 Lok Sabha Elections says P Chidambaram